ടാങ്കർലോറി കയറിയിറങ്ങി ബൈക്ക് യാത്രികൻ മരിച്ചു;ആൾ കുടുങ്ങിയതറിയാതെ ലോറി 200 മീറ്ററോളം പോയി

കണ്ണൂർ: ദേശീയപാതയിൽ മേലെ ചൊവ്വയ്ക്കും താഴെ ചൊവ്വയ്ക്കും മധ്യേ ടാങ്കർലോറി കയറിയിറങ്ങി ബൈക്ക് യാത്രക്കാരനായ യുവാവ് മരിച്ചു. നടാൽ റെയിൽവേ ഗേറ്റ് പരിസരത്തെ സൂര്യ ഹോട്ടലിന് സമീപം നടുക്കണ്ടി ഹൗസിൽ അമലാ(26)ണ് മരിച്ചത്. വ്യാഴാഴ്ച രാത്രി 11.15-ഓടെയാണ് സംഭവം. കണ്ണൂരിൽനിന്ന് തലശ്ശേരി ഭാഗത്തേക്ക് വരികയായിരുന്ന ബൈക്ക് റോഡരികിലെ പാലമരത്തിലിടിച്ച് അമൽ റോഡിലേക്ക് തെറിച്ചുവീഴുകയായിരുന്നു.

തൊട്ടുപിറകിലെത്തിയ ടാങ്കർ ലോറി അമലിന് മുകളിലൂടെ കയറിയിറങ്ങി. അമൽ തത്ക്ഷണം മരിച്ചു. കൂടെയുണ്ടായിരുന്ന സുഹൃത്ത് വൈഷ്ണവ് (19) റോഡിന്റെ മറുവശത്തേക്ക് തെറിച്ചുവീണതിനാൽ പരിക്കുകളോടെ രക്ഷപ്പെട്ടു. ഇദ്ദേഹത്തെ എ.കെ.ജി. ആസ്പത്രിയിൽ പ്രവേശിപ്പിച്ചു. ടാങ്കറിന്റെ പിറകുവശത്തെ ചക്രങ്ങളാണ് അമലിന്റെ മുകളിലൂടെ കയറിയിറങ്ങിയത്.

ചക്രത്തിനടിയിൽ ആൾ കുടുങ്ങിയതറിയാതെ ടാങ്കർ 200 മീറ്ററോളം മുന്നോട്ടുപോയി. റോഡിൽ ഛിന്നഭിന്നമായി കിടന്ന മൃതദേഹം തിരിച്ചറിയാൻ പറ്റാത്ത നിലയിലായിരുന്നു. ജെ.സി.ബി. മെക്കാനിക്കാണ് അമൽ. എടക്കാട്ട് മെഡിക്കൽ ഷോപ്പ് നടത്തുന്ന ഉത്തമന്റെ മകനാണ്. അമ്മ: അജിത. സഹോദരങ്ങൾ: അതുൽ, റജിന.

Comments

Popular posts from this blog