കർണാടകയിൽ മഠാധിപതി ജീവനൊടുക്കിയനിലയിൽ; ഒരുവർഷത്തിനിടെ ജീവനൊടുക്കുന്ന മൂന്നാമത്തെ മഠാധിപതി

ബെംഗളൂരു: കർണാടകത്തിൽ ഒരു മഠാധിപതിയെക്കൂടി ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. ലിംഗായത്ത് വിഭാഗത്തിന്റെ പ്രമുഖ മഠമായ രാമനഗരയിലെ മാഗഡി കുഞ്ചുഗൽബംഡേ മഠം മഠാധിപതി ബസവലിംഗ സ്വാമിയെയാണ്(44) മഠത്തിനുള്ളിൽ തൂങ്ങിമരിച്ചനിലയിൽ കണ്ടത് .

തിങ്കളാഴ്ച രാവിലെ ആറുമണിയായിട്ടും മുറി തുറക്കാതിരുന്നത് ശ്രദ്ധയിൽപ്പെട്ട മഠത്തിലെ ജീവനക്കാരുടെ അന്വേഷണത്തിലാണ് മൃതദേഹം കണ്ടെത്തിയത്.

സ്വാമി എഴുതിയതാണെന്നു കരുതുന്ന ആത്മഹത്യക്കുറിപ്പ് പോലീസ് കണ്ടെടുത്തു. തന്നെ ചിലർ ദ്രോഹിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തതായി സ്വാമി ഇതിൽ വിവരിച്ചിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു. തന്നെ മഠാധിപതിസ്ഥാനത്തുനിന്ന് നീക്കാനാണ് ഇതു ചെയ്തതെന്നും കുറിപ്പിൽ പറയുന്നു.


വിശദമായ അന്വേഷണം നടക്കുന്നതായി രാമനഗര എസ്.പി. കെ. സന്തോഷ് ബാബു പറഞ്ഞു. സ്വാമിയുടെ കുറിപ്പിൽ പറയുന്നവരെ ചോദ്യംചെയ്തുവരുന്നു. 400 വർഷം പഴക്കമുള്ള മഠമാണിത്. 1997-ലാണ് ബസവലിംഗ സ്വാമി മഠാധിപതിസ്ഥാനം ഏറ്റെടുത്തത്.

ഒരുവർഷത്തിനിടെ കർണാടകത്തിൽ ജീവനൊടുക്കിയ മൂന്നാമത്തെ മഠാധിപതിയാണ് ബസവലിംഗ സ്വാമി. കഴിഞ്ഞ ഡിസംബറിൽ രാമനഗരയിലെ മറ്റൊരു പ്രധാന മഠമായ ചിലുമെ മഠത്തിലെ മഠാധിപതിയെ മഠത്തിൽ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തിയിരുന്നു. കഴിഞ്ഞമാസം ബെലഗാവിയിലെ ഒരു മഠാധിപതിയെ മഠത്തിൽ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയിരുന്നു. ഇദ്ദേഹവുമായി ബന്ധപ്പെട്ട ശബ്ദസന്ദേശം പ്രചരിച്ചതിനെത്തുടർന്നായിരുന്നു ഇത്.



Comments

Popular posts from this blog