ഓട്ടോ നിയന്ത്രണംവിട്ട് മറിഞ്ഞ് പ്രതിശ്രുത വധു മരിച്ചു
പാത്തിപ്പാലം: പൂക്കോട്-പാനൂർ റോഡിൽ മൊകേരി പാത്തിപ്പാലത്തിനടുത്ത് ഒാട്ടോറിക്ഷ നിയന്ത്രണംതെറ്റി കാറിനിടിച്ചുണ്ടായ അപകടത്തിൽ പ്രതിശ്രുത വധു മരിച്ചു.ഓട്ടോ യാത്രക്കാരിയായ പാത്തിപ്പാലം-പാറേമ്മൽ റോഡിൽ കുഞ്ഞിപ്പീടിക ഫാത്തിമാസിൽ അംന റഫ്നിൻ (20) ആണ് മരിച്ചത്. മുസ്തഫയുടെയും ഹാജറയുടെയും മകളാണ്.സാരമായി പരിക്കേറ്റ ഓട്ടോ ഡ്രൈവർ പാത്തിപ്പാലത്തെ വാഴവെച്ചപറമ്പത്ത് കമല(58)യെ തലശ്ശേരി സഹകരണ ആസ്പത്രിയിൽ പ്രവേശിപ്പിച്ചു.ബുധനാഴ്ച വൈകീട്ട് നാലിനാണ് അപകടം. പാനൂർ ഭാഗത്തുനിന്ന് വരുന്ന ഓട്ടോ നിയന്ത്രണംവിട്ട് റോഡിലുണ്ടായിരുന്ന കാറിലിടിച്ച് മറിയുകയായിരുന്നു. ഇരുവരെയും ഓടിക്കൂടിയ പ്രദേശവാസികളാണ് പുറത്തെടുത്തത്. കൂത്തുപറമ്പിലേക്ക് കൊണ്ടുപോകുംവഴിയാണ് അംനയുടെ മരണം. അടുത്ത ഡിസംബറിൽ ചമ്പാട് അരയാക്കൂൽ സ്വദേശിയുമായുള്ള വിവാഹം ഉറപ്പിച്ചതായിരുന്നു. റിഫ, ഫാത്തിമ എന്നിവർ സഹോദരങ്ങളാണ്. പാനൂർ പോലീസ് സ്ഥലത്തെത്തി കാർ പോലീസ് സ്റ്റേഷനിലേക്ക് മാറ്റി. തലശ്ശേരി ജനറൽ ആസ്പത്രിയിൽ മൃതദേഹപരിശോധനയ്ക്ക് ശേഷം വ്യാഴാഴ്ച ഉച്ചയ്ക്ക് 12 മണിയോടെ കടേപ്രം ജുമാമസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കും......

Comments
Post a Comment