കാൻസർ മൂലം മൂക്ക് നഷ്ടമായി; കയ്യിൽ മൂക്ക് വളർത്തി നൂതന ചികിത്സ
കൈത്തണ്ടയിൽ മൂക്ക് വളർത്തി മുഖത്തേക്ക് മാറ്റി വച്ചു. ക്യാൻസർ ചികിത്സയെത്തുടർന്ന് മൂക്കിന്റെ വലിയൊരു ഭാഗം നഷ്ടപ്പെട്ട യുവതിയ്ക്കാണ് മൂക്ക് തിരികെ ലഭിച്ചത്. ഫ്രാൻസിലാണ് സംഭവം. നാസൽ കാവിറ്റി ക്യാൻസർ ബാധിച്ച യുവതി റേഡിയോ തെറാപ്പിയും കീമോതെറാപ്പിയും നടത്തിയതിനെത്തുടർന്നാണ് മൂക്ക് നഷ്ടമായത്.
തരുണാസ്ഥി മാറ്റിസ്ഥാപിക്കുന്നതിനായി 3D-പ്രിന്റ് ചെയ്ത ബയോമെറ്റീരിയലിൽ നിന്ന് നിർമ്മിച്ച ഒരു ഇഷ്‌ടാനുസൃത മൂക്ക് നിർമ്മിക്കുകയും തുടർന്ന് അവളുടെ കൈത്തണ്ടയിൽ ഘടിപ്പിക്കുകയും ചെയ്തു. രണ്ട് മാസത്തോളമെടുത്തു മൂക്ക് വളരാൻ. നൂതനസാങ്കേതിക വിദ്യ ഉപയോഗിച്ചാണ് എല്ലുകളും മറ്റും പുനർനിർമിച്ചത്. ആശുപത്രി അധികൃതർ തന്നെയാണ് ചിത്രം പുറത്തുവിട്ടത്. രോഗി സുഖമായിരിക്കുന്നുവെന്ന് ആശുപത്രിവൃത്തങ്ങൾ അറിയിച്ചു.
രണ്ട് മാസത്തേക്ക് കൈയില്‍ വളരാന്‍ അനുവദിച്ച ശേഷമാണ് മുഖത്തേക്ക് പറിച്ചുനട്ടത്. കൈയിലെ ചര്‍മത്തില്‍ വളര്‍ന്ന രക്തധമനികള്‍ സങ്കീര്‍ണമായ മൈക്രോ സര്‍ജറികളിലൂടെ മൂക്കിലെ ചര്‍മത്തിലെ രക്തധമനികളുമായി ബന്ധിപ്പിക്കാന്‍ സാധിച്ചതോടെ അവയവമാറ്റം പൂര്‍ണ വിജയമായി. 10 ദിവസത്തെ ആശുപത്രിവാസത്തിനും മൂന്നാഴ്ചത്തെ ആന്റിബയോട്ടിക്കുകള്‍ക്കും ശേഷം രോഗി വളരെ സുഖമായിരിക്കുന്നതായി ഡോക്ടര്‍മാര്‍ അറിയിച്ചു.
ഇത്തരത്തിലുള്ള അവയവ പുനര്‍നിര്‍മാണ-മാറ്റിവയ്ക്കല്‍ അപൂര്‍വമാണ്. ദുര്‍ബലമായ തൊലിപ്പുറത്തും ശക്തമായ രക്തധമനികളുടെ അഭാവത്തിലും അവയവം വളര്‍ത്തിയെടുത്ത് മാറ്റിസ്ഥാപിച്ചതിലൂടെ ഈ രംഗത്ത് നേരിടുന്ന പരിമിതികളെ പോലും മറികടക്കാന്‍ സാധിച്ചതായും ഭാവിയില്‍ വന്‍ മുന്നേറ്റമുണ്ടാക്കാന്‍ ഇത് വഴിത്തിരിവാകുമെന്നും ഡോക്ടര്‍മാര്‍ അഭിപ്രായപ്പെട്ടു. എല്ലുകളുടെ പുനര്‍നിര്‍മാണത്തില്‍ സ്‌പെഷ്യലൈസ് ചെയ്ത മെഡിക്കല്‍ ഉപകരണ നിര്‍മാതാക്കളായ ബെല്‍ജിയത്തിലെ സെര്‍ഹും എന്ന കമ്പനിയിലെ വൈദ്യസംഘത്തിന്റെ സഹായം വളരെ പ്രധാനമായിരുന്നുവെന്നും ഡോക്ടര്‍മാര്‍ വ്യക്തമാക്കി.

Comments
Post a Comment