സാധനങ്ങള്‍ വാങ്ങാന്‍ ആമസോണും ഫ്‌ളിപ്കാര്‍ട്ടും വേണം; പിരിവിനും പരസ്യത്തിനും ഞങ്ങളും; പരിഭവം പങ്കുവച്ചുള്ള വ്യാപാരികളുടെ ബോര്‍ഡ് ചര്‍ച്ചയാവുന്നു
കോഴിക്കോട്: ഓൺലൈൻ ഷോപ്പിങ്ങും വൻകിട സൂപ്പർമാർക്കറ്റുകളും സജീവമായതോടെ ഏറ്റവുമധികം തിരിച്ചടിയായത് നഗരങ്ങളിലെയും ഗ്രാമങ്ങളിലെയും സാധാരണ കടകൾക്കാണ്. ഓൺലൈൻ ഷോപ്പിങും വൻകിട സൂപ്പർ മാർക്കറ്റുകളും ഫൂട് വെയർ, ടെക്‌സ്റ്റൈൽസ് പോലുള്ള കടകയെും ബാധിച്ചെങ്കിലും ഏറ്റവുമധികം ബാധിച്ചത് പലചരക്ക് കടകളെയാണ്. ഇവരുടെ വ്യാപാരം കുത്തനെ ഇടിഞ്ഞു. പ്രത്യേകിച്ച് ചെറുതും വലുതുമായ നഗരങ്ങളിലെ പലചരക്കുകടകളിലേത്. കോവിഡ് വ്യാപനത്തോടെയാണ് കേരളത്തിൽ ഓൺലൈൻ വ്യാപാരം ഏറ്റവും കൂടിയത്.
സാധാരണ കടകളിൽ വാടക, വൈദ്യുതി (വാണിജ്യാടിസ്ഥാനത്തിൽ), ഫർണിച്ചവർ പോലുള്ള ചെലവുകൾക്ക് പുറമെ ദിനേനയുള്ള വിവിധ പിരിവുകൾക്കായി മാസം നല്ലൊരു തുക നീക്കിവയ്ക്കണം. ഇക്കാരണത്താൽ കോവിഡിന് ശേഷം ആയിരക്കണക്കിന് ചെറുകിട, ഇടത്തരം കടകളാണ് അടച്ചുപൂട്ടിയത്. പലതും അടച്ചുപൂട്ടലിന്റെ വക്കിലുമാണ്. ഈ സാഹചര്യത്തിലാണ്, കേരള വ്യാപാരി വ്യവസായി ഏകോപനസമിതിയുടെ വരന്തരപ്പിള്ളി യൂനിറ്റ് സ്ഥാപിച്ച ബോർഡ് ചർച്ചയാവുന്നത്.
ബോർഡിലെ വാചകം ഇങ്ങനെ: ഉപ്പ് മുതൽ കർപ്പൂരം വരെ ഓൺലൈൻ പർച്ചേസ് ചെയ്യുന്നവരോട്: പിരിവിനും മറ്റു കാര്യങ്ങൾക്കും വ്യാപാരികളെ സമീപിക്കാതെ ഓൺലൈൻ കമ്പനികളോട് തന്നെ പിരിവും പരസ്യവും ചോദിക്കുക. തൃശൂരിലെ വരന്തരപ്പിള്ളിയിലെ കടകളിലാണ് ഈ ബോർഡ് പതിച്ചിരിക്കുന്നത്.
കോവിഡിന് ശേഷം വ്യാപാരം കുത്തനെ ഇടിഞ്ഞതായും പല കടകളും നഷ്ടത്തിലാണ് ഓടുന്നതെന്നും എന്നാൽ വലിയമുതൽ മുടക്കില്ലാതെ തുടങ്ങുന്ന ഓൺലൈൻ ഷോപ്പിങുകാർക്ക് പരസ്യം, പിരിവ് പോലുള്ള മറ്റുചെലവുകൾ ഇല്ലെന്നും, ബോർഡിനെ കുറിച്ച് ചോദിച്ചപ്പോൾ മലപ്പുറം അരീക്കോട് പലചരക്ക് കട നടത്തുന്ന മുഹമ്മദ് മുസ്തഫ പറഞ്ഞു. ഏതു രാഷ്ട്രീയ, മത, സാംസ്‌കാരിക സംഘടനകളും പിരിവിനായി ആദ്യം ഞങ്ങളെയാണ് സമീപിക്കുന്നത്. വിശ്വാസ്യതയും വിലക്കുറവുമാണ് ഞങ്ങളുടെ പ്രധാന ഘടകം. ഓൺലൈനിൽ അവർ ആവശ്യപ്പെട്ട തുക നിങ്ങൾ കൊടുക്കുന്നു. നിങ്ങൾ ആഗ്രഹിച്ച സാധനമല്ല ലഭിക്കുന്നതെങ്കിലോ നിങ്ങൾക്ക് പരാതിയുണ്ടെങ്കിലോ അത് ഓൺലൈൻ കമ്പനികളെ അറിയിക്കാൻ വലിയ ബുദ്ധിമുട്ടാണ്. മാത്രമല്ല, ഓൺലൈൻ ഷോപ്പിങ് നടത്തി വഞ്ചിക്കപ്പെട്ട നിരവധി സംഭവങ്ങളും ഉണ്ട്.
എന്നാൽ സാധാരണ കടകളിൽ നിങ്ങളോട് ചോദിച്ച വിലയെക്കാൾ തർക്കിച്ച് കുറഞ്ഞ പണമാണ് നിങ്ങൾ കൊടുക്കുന്നത്. കൂടാതെ, വാങ്ങിയ സാധനങ്ങളെ കുറിച്ച് പരാതിയുണ്ടെങ്കിലോ അതു മാറ്റുന്നതിനോ നിങ്ങൾക്ക് ഞങ്ങളുടെ അടുത്തുവരാൻ കഴിയും. ഇത്തരം ബോർഡുകൾ എല്ലാ കടകളിലും സ്ഥാപിക്കണമെന്നും മുഹമ്മദ് മുസ്തഫ പറഞ്ഞു.
വരന്തരപ്പിള്ളിയിലെ പോസ്റ്ററിന്റെ കാര്യത്തിൽ സമൂഹമാധ്യമങ്ങളിൽ അനുകൂലിച്ചും പ്രതികൂലിച്ചും വാദങ്ങൾ നടക്കുന്നുണ്ട്.

Comments
Post a Comment