കരിപ്പൂരിൽ വീണ്ടും പോലീസ് നീക്കം; സ്വർണം കടത്തിയ യുവതിയും തട്ടിയെടുക്കാനെത്തിയ സംഘവും പിടിയിൽ



മലപ്പുറം: കരിപ്പൂർ വിമാനത്താവളം വഴി എട്ടുലക്ഷം രൂപയുടെ സ്വർണം കടത്തിയ യുവതിയെയും ഇവരുടെ ഒത്താശയോടെ സ്വർണം തട്ടിയെടുക്കാനെത്തിയ സംഘത്തെയും പോലീസ് അറസ്റ്റ് ചെയ്തു. സ്വർണം കടത്തിയ വയനാട് സുൽത്താൻ ബത്തേരി സ്വദേശി ഡീന(30) സ്വർണം തട്ടിയെടുക്കാനെത്തിയ കോഴിക്കോട് നല്ലളം സ്വദേശി മുഹമ്മദ് സഹദ്(24) കോഴിക്കോട് വാണിയംകര സ്വദേശി മുഹമ്മദ് ജംനാസ്(36) എന്നിവരാണ് അറസ്റ്റിലായത്. മലപ്പുറം ജില്ലാ പോലീസ് മേധാവി എസ്. സുജിത് ദാസിന് ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് കരിപ്പൂർ പോലീസാണ് മൂന്ന് പ്രതികളെയും വിമാനത്താവളത്തിന്റെ കവാടത്തിന് സമീപംവെച്ച് പിടികൂടിയത്. ഇവരുടെ വാഹനവും കസ്റ്റഡിയിലെടുത്തു.


ദുബായിൽനിന്ന് 146 ഗ്രാം സ്വർണമാണ് കരിപ്പൂർ വിമാനത്താവളം വഴി കസ്റ്റംസിനെ വെട്ടിച്ച് ഡീന കടത്തിയത്. വയനാട് സ്വദേശി സുബൈർ എന്നയാൾക്ക് വേണ്ടി നിയമവിരുദ്ധമായി കൊണ്ടുവന്ന സ്വർണം തട്ടിയെടുക്കാനാണ് നാലംഗസംഘം ഡീനയുടെ അറിവോടെ വിമാനത്താവളത്തിലെത്തിയത്. കൊടുത്തവിട്ടവർ നിർദേശിച്ച ആളുകൾക്ക് സ്വർണം കൈമാറുന്നതിന് മുൻപേ, സ്വർണം തട്ടിയെടുക്കാനായിരുന്നു ഇവരുടെ പദ്ധതി.


നേരത്തെയും സ്വർണം കടത്തിയിട്ടുള്ള ഡീന ഇത്തവണ സ്വർണം 'പൊട്ടിക്കൽ സംഘ'വുമായി ഒത്തുചേർന്ന് കടത്തുസ്വർണം തട്ടിയെടുത്ത് വീതം വെക്കാനായിരുന്നു ലക്ഷ്യമിട്ടത്. കസ്റ്റംസിനെ വെട്ടിച്ച് വിമാനത്താവളത്തിന് പുറത്തിറങ്ങിയ യുവതി, സ്വർണം വാങ്ങാൻ എത്തിയവരെയും കബളിപ്പിച്ച് കവർച്ചാസംഘത്തിനൊപ്പം കാറിൽ കയറി അതിവേഗം പുറത്തേക്ക് പോവുകയായിരുന്നു. എന്നാൽ പോലീസ് സംഘം യുവതിയെ വാഹനം പിന്തുടർന്ന് പിടികൂടി.


കസ്റ്റഡിയിലെടുത്ത മൂവരെയും ഏറെനേരം ചോദ്യംചെയ്തശേഷം ഇവരുടെ ലഗേജിൽ ഒളിപ്പിച്ചനിലയിലാണ് സ്വർണം കണ്ടെടുത്തത്. പ്രതികളെ അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം മഞ്ചേരി കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. കേസിൽ ഉൾപ്പെട്ട മറ്റുപ്രതികൾക്കായി അന്വേഷണം തുടരുകയാണെന്നും വിമാനത്താവളം കേന്ദ്രീകരിച്ച് നടക്കുന്ന കുറ്റകൃത്യങ്ങൾക്ക് തടയിടാനായി ശക്തമായ ഇടപെടലുകളാണ് നടത്തുന്നതെന്നും പോലീസ് പറഞ്ഞു. കഴിഞ്ഞ നാലുമാസത്തിനിടെ കടത്തുസ്വർണം തട്ടിയെടുക്കാനായി കരിപ്പൂർ വിമാനത്താവളത്തിൽ എത്തിയ മൂന്ന് കവർച്ചാസംഘങ്ങളെയാണ് പോലീസ് പിടികൂടിയത്. കഴിഞ്ഞദിവസം ഒരുകോടി രൂപയുടെ സ്വർണം ഉൾവസ്ത്രത്തിൽ തുന്നിച്ചേർത്ത് കടത്തിയ 19 വയസ്സുകാരിയെയും പോലീസ് പിടികൂടിയിരുന്നു.

Comments

Popular posts from this blog