കോവിഡ് രോഗമുക്തി നേടിയവരിൽ ഹൃദയാഘാതങ്ങൾ വർധിക്കുന്നു; പഠനം തുടങ്ങി ഐ.സി.എം.ആർ.
ന്യൂഡൽഹി: കോവിഡ് രോഗമുക്തി നേടിയവരിൽ ഹൃദയാഘാതങ്ങൾ വർധിക്കുന്നുവെന്നത് പഠനത്തിന് വിധേയമാക്കാൻ ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് (ഐ.സി.എം. ആർ.).
ഹൃദ്രോഗത്തിന് കോവിഡ് കാരണമാകുന്നുവെന്ന പഠനറിപ്പോർട്ടുകളുടെയും രാജ്യത്ത് അമ്പതിനുതാഴെ പ്രായമുള്ളവരിൽ വർധിച്ചുവരുന്ന അപ്രതീക്ഷിത ഹൃദയാഘാത മരണങ്ങളുടെയും അടിസ്ഥാനത്തിലാണ് കേന്ദ്രത്തിന്റെ ഇടപെടൽ. ഇതുമായി ബന്ധപ്പെട്ട് സാമൂഹിമാധ്യമങ്ങളിലുൾപ്പടെ പ്രചരിക്കുന്ന വാർത്തകൾ ജനങ്ങളിൽ ഭീതി സൃഷ്ടിക്കുന്നു.
.കോവിഡിനുശേഷം കഴിഞ്ഞ രണ്ടുവർഷമായി ഹൃദയാഘാതമരണങ്ങൾ 50,000-ത്തിന് മുകളിലാണ്. ഈ അവസ്ഥയ്ക്ക് ശാസ്ത്രീയപഠനത്തിലൂടെ ഉത്തരം കണ്ടെത്തി ആവശ്യമെങ്കിൽ നടപടി സ്വീകരിക്കുകയാണ് ഐ.സി.എം.ആറിന്റെ ലക്ഷ്യം.
ദേശീയ ക്രൈം റെക്കോഡ്സ് ബ്യൂറോയുടെ റിപ്പോർട്ടുകൾ പ്രകാരം ഹൃദയാഘാതമരണങ്ങൾ രാജ്യത്ത് വർധിക്കുകയാണ്. 2016-ൽ 21,914 പേർ ഹൃദയാഘാതം കാരണം മരണപ്പെട്ടു. 2017-ൽ ഇത് 23,246 ആയി. 2018-ൽ 25,764 -ഉം , 2019-ൽ 28,005 -ഉം പേർ ഇങ്ങനെ മരിച്ചു. കോവിഡ് രോഗമുക്തി നേടിയ മറ്റുരോഗങ്ങളില്ലാത്തവരും അപ്രതീക്ഷിതമായി മരണത്തിന് കീഴങ്ങുന്നതാണ് പഠനത്തിലേക്ക് സർക്കാരിനെ നയിച്ചിരിക്കുന്നത്.
കോവിഡ് കാരണം ആശുപത്രിയിൽ പ്രവേശിപ്പിക്കേണ്ടി വന്നവരിൽ 20 മുതൽ 30 ശതമാനം ആളുകളിലും ഹൃദയസംബന്ധമായ പ്രശ്നങ്ങൾ ഉണ്ടായിരുന്നു. ഒപ്പം കോവിഡനന്തരം വ്യക്തികളിൽ അമിതക്ഷീണം, നെഞ്ചുവേദന, നെഞ്ചിടിപ്പ്, അടിക്കടിയുണ്ടാകുന്ന ശ്വാസംമുട്ടൽ എന്നിവയും റിപ്പോർട്ട് ചെയ്യുന്നുണ്ട്.

Comments
Post a Comment