അലർജി ഭേദമായെന്ന് കരുതി പൊറോട്ട കഴിച്ചു; ഇടുക്കിയിൽ 16 കാരി മരിച്ചു
ഇടുക്കി: അലർജിക്ക് കാരണമാകുന്ന ഭക്ഷണ പദാർത്ഥം കഴിച്ച 16 കാരി മരിച്ചു. ഇടുക്കി ജില്ലയിലെ വാഴത്തോപ്പ് താന്നികണ്ടം വെളിയത്തുമാലി സിജു ഗബ്രിയേലിന്റെ മകൾ നയൻമരിയ സിജുവാണ് മരിച്ചത്. മൈദ,ഗോതമ്പ് എന്നിവ കുട്ടിക്ക് അലർജിക്ക് കാരണമാകാറുണ്ട്. മൈദ, ഗോതമ്പ് എന്നിവ അടങ്ങിയ ഭക്ഷണ വസ്തുക്കൾ കഴിച്ച് മുൻപ് കുട്ടി രോഗബാധിതയാവുകയും ചികിത്സ തേടുകയും ചെയ്തിരുന്നു.
അടുത്തിടെയായി രോഗം ഭേദപ്പെട്ടെന്ന് തോന്നി. ഇതിനെ തുടർന്ന് ചെറിയ തോതിൽ ഇത്തരം ഭക്ഷണങ്ങൾ കഴിച്ചു തുടങ്ങിയിരുന്നു. ഇന്നലെ വൈകീട്ട് പൊറോട്ട കഴിച്ച കുട്ടിക്ക് അസ്വസ്ഥത നേരിട്ടു. തുടർന്ന് ഇടുക്കി മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. നില വഷളായതിനെ തുടർന്ന് വെന്റിലേറ്ററിൽ ചികിത്സയിൽ കഴിയുകയായിരുന്നു. ഇന്ന് പെട്ടെന്ന് ആരോഗ്യനില തീർത്തും വഷളായി. ഉച്ചയോടെയാണ് മരണം സംഭവിച്ചത്.
വാഴത്തോപ്പ് സെന്റ് ജോർജ് ഹയർ സെക്കൻഡറി സ്കൂൾ പ്ലസ് വൺ വിദ്യാർത്ഥിനിയാണ്. വാഴത്തോപ്പ് സർവീസ് സഹകരണ ബാങ്കിലെ ജീവനക്കാരനാണ് പെൺകുട്ടിയുടെ അച്ഛൻ സിജു.

Comments
Post a Comment