കടബാധ്യതയെത്തുടർന്ന് ആത്മഹത്യക്ക് ശ്രമിച്ച കുടുംബത്തിലെ പെൺകുട്ടിയും മരിച്ചു



തൊടുപുഴ: സാമ്പത്തിക ബാധ്യതയെത്തുടർന്ന് വിഷം കഴിച്ച് ജീവനൊടുക്കാൻ ശ്രമിച്ച കുടുംബത്തിലെ പെൺകുട്ടിയും ചികിത്സയിലിരിക്കെ മരിച്ചു. തൊടുപുഴ ചിറ്റൂരിൽ മണക്കാട് പഞ്ചായത്ത് ഓഫീസിനു സമീപം വാടകയ്ക്ക് താമസിക്കുന്ന പുല്ലറയ്ക്കൽ ആന്റണി (62)യുടെയും ജെസി (56)യുടെയും മകൾ സിൽന (20) ആണ് മരിച്ചത്. കഴിഞ്ഞ 31-ന് ജെസിയും ഒന്നിന് ആന്റണിയും മരിച്ചിരുന്നു.

കഴിഞ്ഞ 30-ന് ആണ് അച്ഛനും അമ്മയും മകളും വിഷം കഴിച്ച് ജീവനൊടുക്കാൻ ശ്രമിച്ചത്. അവശനിലയിൽ കണ്ടെത്തിയ മൂവരെയും തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ആശുപത്രിയിൽ എത്തിച്ച അന്നുമുതൽ സിൽന അബോധാവസ്ഥയിൽ തുടരുകയായിരുന്നു.

കുടുംബത്തിന് കടബാധ്യതകൾ ഉണ്ടായിരുന്നെന്നാണ് വിവരം. തൊടുപുഴ നഗരത്തിൽ ബേക്കറി നടത്തുകയായിരുന്നു ജെസി. ആന്റണി കൂലിപ്പണിക്കാരനായിരുന്നു. പലരിൽനിന്നായി ഇയാൾ കടം വാങ്ങിയിരുന്നു. വീടിന്റെ വാടകയും കുടിശ്ശികയുണ്ട്.

പണം ലഭിക്കാനുള്ളവർ വീട്ടിലെത്തിയപ്പോഴാണ് കുടുംബത്തെ വിഷംകഴിച്ച് അവശനിലയിൽ കണ്ടെത്തിയതെന്ന് പോലീസ് പറഞ്ഞു. ഇവർ കുടുംബമായി അടിമാലി ആനച്ചാലിലായിരുന്നു താമസം. 12 വർഷം മുമ്പാണ് തൊടുപുഴയിലേക്ക് വന്നത്. സിൽന അൽ അസ്ഹർ കോളേജിലെ അവസാനവർഷ ബി.സി.എ. വിദ്യാർഥിനിയാണ്. ആന്റണിയുടെ മൂത്തമകൻ സിബിൻ മംഗലാപുരത്ത് ജോലി ചെയ്യുകയായിരുന്നു. സംസ്കാരം നടത്തി.



Comments

Popular posts from this blog