കർണാടകയിൽ ബന്ദ് പ്രഖ്യാപിച്ച് കോൺഗ്രസ്
ബംഗളൂരു: കർണാടകയിലെ ബി.ജെ.പി സർക്കാറിന്റെ അഴിമതിക്കെതിരെ കർണാടക കോൺഗ്രസ് വ്യാഴാഴ്ച രണ്ടു മണിക്കൂർ സംസ്ഥാന വ്യാപക ബന്ദ് ആചരിക്കും. ബി.ജെ.പി എം.എൽ.എ എം. വിരുപക്ഷപ്പക്കുവേണ്ടി മകൻ കൈപ്പറ്റിയ അഴിമതിപ്പണമായ എട്ടുകോടി രൂപ ലോകായുക്ത റെയ്ഡിൽ കണ്ടെടുത്തതിനെ തുടർന്ന് എം.എൽ.എ ഒളിവിലാണ്.
അഴിമതിയിൽ മുങ്ങിക്കുളിച്ച ബസവരാജ് ബൊമ്മൈയുടെ നേതൃത്വത്തിലുള്ള കർണാടക സർക്കാർ രാജിവെക്കണമെന്നാവശ്യപ്പെട്ട് പ്രതിഷേധം കനപ്പിക്കുകയാണ് പ്രതിപക്ഷമായ കോൺഗ്രസ്. വ്യാഴാഴ്ച രാവിലെ ഒമ്പതു മുതൽ 11 വരെയാണ് ബന്ദ്. സ്കൂളുകളുടെയും കോളജുകളുടെയും ആശുപത്രികളുടെയും പ്രവർത്തനം ബന്ദിൽ തടസ്സപ്പെടില്ലെന്നും ഗതാഗതം തടസ്സപ്പെടുത്തില്ലെന്നും കെ.പി.സി.സി പ്രസിഡന്റ് ഡി.കെ. ശിവകുമാർ പറഞ്ഞു.
അഴിമതി പുറത്തുകൊണ്ടുവന്ന ലോകായുക്തയെ ആദ്യം അഭിനന്ദിക്കുന്നതായി ശിവകുമാർ പറഞ്ഞു. അഴിമതിക്കെതിരെ ജനങ്ങളുടെ ശ്രദ്ധ കൊണ്ടുവരേണ്ടതുണ്ട് എന്നതിനാലാണ് മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് മറ്റു സമാന മനസ്കരോെടാപ്പംചേർന്ന് പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. അഴിമതിക്കെതിരെ എല്ലാ സംഘടനകളും ഒന്നിച്ചുനിൽക്കണം. രണ്ടു മണിക്കൂർ നേരത്തേ ബന്ദിനോട് കടയുടമകളും വ്യാപാരികളും സഹകരിക്കണമെന്നും അദ്ദേഹം അഭ്യർഥിച്ചു.

Comments
Post a Comment