അറുപത്തിയാറാം വയസില്‍ വീണ്ടും പ്രവാസിയായ ജമീലക്ക് സാന്ത്വനവുമായി തങ്ങള്‍ എത്തി; നാട്ടില്‍ വീടുവെച്ച് നല്‍കും
ദുബായ്: അറുപത്തിയാറാം വയസില്‍ വീണ്ടും ജോലിതേടി ഗള്‍ഫിലെത്തിയ ജമീലക്ക് സഹായ ഹസ്തവുമായി മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് മുനവറലി ശിഹാബ് തങ്ങള്‍. ജമീലയുടെ ജന്മനാടായ തൃശൂര്‍ ചേലക്കരയില്‍ വീട് വെച്ചുനല്‍കുമെന്ന് ജമീലക്ക് മുനവ്വറലി ശിഹാബ് തങ്ങള്‍ ഉറപ്പുനല്‍കി.
കഴിഞ്ഞ ദിവസം രാത്രി പത്തുമണിയോടെ ദുബായിലെ ഖിസൈസില്‍ ജമീല വീട്ടുവേലചെയ്യുന്ന ഫ്‌ലാറ്റിലെത്തി അവരെ കണ്ടിരുന്നു. ഇതിന് പിന്നാലെയാണ് വീട് വെച്ചുനല്‍കുമെന്ന കാര്യം മുനവറലി ശിഹാബ് തങ്ങള്‍ ജമീലയെ അറിയിച്ചത്.
അറുപത്തിയാറാം വയസ്സിൽ ജോലിതേടി വീണ്ടും ദുബായിലെത്തിയ ജമീലതാത്തയുടെ ജീവിതം ആരുടെയും കണ്ണു നനയിപ്പിക്കുന്നു. ഭർത്താവ് ഉപേക്ഷിച്ചതിനെ തുടർന്ന് ഇരുപത്തിരണ്ടാം വയസ്സിൽ കടൽ കടന്നതായിരുന്നു ജമീല. ഏക മകളെ പഠിപ്പിച്ചു മിടുക്കിയാക്കണം എന്നത് മാത്രമായിരുന്നു ലക്ഷ്യം.
അറബി വീട്ടിൽ പണിയെടുത്ത പണം സ്വരുക്കൂട്ടി മകളെയും ആ മകളുടെ നാലു പെൺമക്കളെയും കെട്ടിച്ചു വിട്ടു. അപ്പോഴേക്കും ജമീലയ്ക്ക് പ്രായം അറുപതായി. ആറുപതിന്റെ പടിക്കലെത്തിയപ്പോൾ ആരോഗ്യം മോശമായി. മനസ്സ് എത്തുന്നിടത്ത് ശരീരമെത്താത്ത അവസ്ഥ. പിന്നാലെ പ്രവാസ ജീവിതം മതിയാക്കി ജമീല നാട്ടിലെത്തി. നാട്ടിലെത്തിയ ജമീലയ്ക്ക് പതിവ് സ്വീകരണം ലഭിച്ചില്ല. വരുമാനമില്ലാത്ത ഉമ്മ വീട്ടുകാർക്ക് ഭാരമായി മാറിയപ്പോൾ മകളുടെ ഭർത്താവ് വീട്ടിൽ നിന്നും ഇറക്കിവിടുകയും ചെയ്തു. തലചായ്ക്കാൻ ഒരിടമില്ലാതെ വന്നപ്പോഴാണ് തനിക്ക് വേണ്ടി ജീവിക്കാൻ മറന്നുപോയല്ലോ എന്ന് ജമീല ഓർത്തത്.
കെട്ടുറപ്പുള്ള ഒറ്റ മുറി വീട് എന്ന ഒറ്റ ലക്ഷ്യവുമായി ജമീല അങ്ങനെ അറുപത്തിയാറാം വയസ്സിൽ വീണ്ടും ജോലിതേടി ഗൾഫിലെത്തി. ദിവസേന നാലും അഞ്ചും വീടുകൾ കയറിയിറങ്ങി ഭക്ഷണം പാചകം ചെയ്ത് രണ്ടു വർഷത്തിനിടെ നാട്ടിൽ മൂന്ന് സെന്റ് സ്ഥലം സ്വന്തമാക്കി. എങ്കിലും വീടെന്ന സ്വപ്നം ബാക്കിയയി .
തന്റെ കണ്ണീര് ദൈവം കണ്ടെന്നും തങ്ങള്‍ വന്നതില്‍ വലിയ സന്തോഷമുണ്ടെന്നും ജമീല പറഞ്ഞു. ഇവരുടെ കഥ എഡിറ്റോറിയല്‍ എന്ന ചാനലാണ് പുറത്തുകൊണ്ടുവന്നിരുന്നത്.
ജമീലയുടെ അനുഭവം വേദനാജനകമാണെന്നും തന്റെ സഹൃത്തിന്റെ സഹായത്തോടെയാണ് വീടുവെച്ച് നല്‍കുന്നതെന്നും മുനവറലി തങ്ങള്‍ പറഞ്ഞു.

Comments
Post a Comment