അംബാനി കുടുംബത്തിന്റെ വിരുന്നിൽ ടിഷ്യൂ പേപ്പറിന് പകരം 500 രൂപാ നോട്ട്?; യാഥാർഥ്യം ഇതാണ്



കഴിഞ്ഞ മാർച്ച് 31-നായിരുന്നു മുംബൈയിൽ നിത മുകേഷ് അംബാനി കൾച്ചറൽ സെന്ററിന്റെ ഉദ്ഘാടനച്ചടങ്ങുകൾ നടന്നത്. ഹോളിവുഡിലേയും ബോളിവുഡിലേയും സൂപ്പർ താരങ്ങളും ടോപ്പ് മോഡലുകളും രാഷ്ട്രീയ നേതാക്കളും മത നേതാക്കളും പങ്കെടുത്ത ചടങ്ങ് സെലിബ്രിറ്റികളുടെ സംഗമ ഭൂമിയായിരുന്നു. ഈ ചടങ്ങിനോട് അനുബന്ധിച്ച് നടന്ന വിരുന്നിലെ ഒരു ചിത്രമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.

മധുര പലഹാരത്തിനൊപ്പം ആ പാത്രത്തിൽ 500 രൂപയുടെ നോട്ടുകളും നിരത്തിവെച്ചിരിക്കുന്നതാണ് ചിത്രം. അംബാനിയുടെ പാർട്ടിയിൽ ടിഷ്യൂ പേപ്പറുകൾക്ക് പകരം 500 രൂപ നോട്ടുകളാണ് നൽകുന്നത് എന്ന തരത്തിൽ ഈ ചിത്രങ്ങൾ പ്രചരിക്കുകയും ചെയ്തു.


ഇതിനൊപ്പം നടി പ്രിയങ്ക ചോപ്ര 2019-ൽ ട്വീറ്റ് ചെയ്ത ഒരു ചിത്രവും വൈറലായി. ഇതുപോലെ മധുര പലഹാരത്തിനൊപ്പം 500 രൂപ നോട്ടുകൾ നിരത്തിവെച്ച ഒരു പാത്രത്തിന് മുന്നിൽ പ്രിയങ്ക ഇരിക്കുന്ന ഒരു ചിത്രമായിരുന്നു ഈ ട്വീറ്റിലുണ്ടായിരുന്നത്. 2019 നവംബർ ആറിനാണ് ഈ ചിത്രം താരം ട്വീറ്റ് ചെയ്തത്. എന്നാൽ ഇത് അംബാനി കുടുംബം സംഘടിപ്പിച്ച പരിപാടിയിൽ നിന്നുള്ളതാണ് എന്ന തരത്തിൽ പ്രചരിച്ചു.


എന്നാൽ യഥാർഥത്തിൽ അത് 500 രൂപയുടെ നോട്ടുകൾ ആയിരുന്നില്ല. ഡൽഹിയിലെ ഒരു പ്രമുഖ റെസ്റ്റോറന്റിൽ വിളമ്പുന്ന 'ദൗലത് കി ചാട്ട്' ആണ് ഈ ചിത്രങ്ങളിൽ എല്ലാമുള്ളത്. ഈ വിഭവം വിളമ്പുന്ന രീതിക്കാണ് പ്രത്യേകത. ഫാൻസി നോട്ടുകൾകൊണ്ട് അലങ്കരിച്ചാണ് ഇത് മേശയിലെത്തുക. സമ്പന്നതയെ സൂചിപ്പിക്കുന്ന ഒരു വിഭവമാണിത്. അംബാനി കുടുംബം സംഘടിപ്പിച്ച വിരുന്നിലും ഇത്തരത്തിലാണ് ഈ വിഭവം വിളമ്പിയത്.

ഇതോടെ അംബാനി കുടുംബത്തിനെതിരേ വലിയ തോതിൽ വിമർശനങ്ങൾ വന്നു. പണം ദുരുപയോഗം ചെയ്യാൻ പാടില്ലെന്നും ഇത് അൽപം കടുത്തു പോയെന്നും ആളുകൾ പ്രതികരിച്ചു.




Comments

Popular posts from this blog