നടൻ കിച്ച സുദീപ് ബിജെപിയിലേക്ക്; കർണ്ണാടകയിൽ പ്രചാരണത്തിനിറങ്ങും



കന്നഡ സിനിമാ താരങ്ങളായ കിച്ച സുദീപും ദർശൻ തുഗുദീപയും ബിജെപിയിലേയ്ക്ക്. ഇരുവരും ബുധനാഴ്ച ഉച്ചയോടെ പാർട്ടി അംഗത്വം എടുക്കുമെന്നാണ് വിവരം. കർണാടക നിയമസഭാ തിരഞ്ഞെടുപ്പ് മുന്നിൽക്കണ്ടാണ് നീക്കം.


ബിജെപിയ്ക്കായി ഇരുവരും പ്രചാരണത്തിന് ഇറങ്ങുമെന്നാണ് വാർത്താ ഏജൻസിയായ എഎൻഐ റിപ്പോർട്ട് ചെയ്യുന്നത്. ബെംഗളൂരുവിലെ ഹോട്ടലിൽ നടക്കുന്ന ചടങ്ങിൽ വെച്ച് നടന്മാർ പാർട്ടിയിൽ ചേരുമെന്ന് ബിജെപി വൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. മുഖ്യമന്ത്രി ബസവരാജ ബൊമ്മെയും ചടങ്ങിൽ പങ്കെടുക്കും.


കന്നഡ സിനിമയിലെ നടനും സംവിധായകനും തിരക്കഥാകൃത്തും നിർമ്മാതാവുമാണ് കിച്ച സുദീപ്. ഹിന്ദി, തെലുങ്ക്, തമിഴ് ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്. 1997ൽ 'തയവ്വ' എന്ന ചിത്രത്തിലൂടെയാണ് അഭിനയരംഗത്തേക്ക് എത്തിയത്. 'സ്പർശ', 'ഹുച്ച', 'സ്വാതി മുത്തു', 'ഈഗ', 'മൈ ഓട്ടോഗ്രാഫ്' തുടങ്ങിയവയാണ് ശ്രദ്ധേയമായ ചിത്രങ്ങൾ.


ആക്ഷൻ സിനിമകളിലൂടെ ശ്രദ്ധേയനായ അഭിനേതാവാണ് ദർശൻ തൂഗുദീപ്. 2001ൽ ‘മജസ്റ്റിക്’ എന്ന ചിത്രത്തിലൂടെയാണ് അരങ്ങേറ്റം. രണ്ടു പതിറ്റാണ്ട് പിന്നിടുന്ന കരിയറിൽ ഇതിനകം അൻപതിലേറെ ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. ‘സാരഥി’ എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച നടനുള്ള കർണാടക സർക്കാരിന്റെ പുരസ്കാരം ലഭിച്ചു.


തിരഞ്ഞെടുപ്പിനു മുന്നോടിയായി ഒട്ടേറെ എംഎൽഎമാർ കോൺഗ്രസ് ഉൾപ്പെടെയുള്ള പാർട്ടികളിലേക്കു ചേക്കേറുന്നതിനിടെയാണ് കന്നഡ സിനിമയിലെ രണ്ട് പ്രമുഖ നടന്മാർ ബിജെപിയിലേക്ക് വരുന്നത്. ഇവരുടെ വരവ് തിരഞ്ഞെടുപ്പിൽ ഗുണപ്പെടും എന്ന വിശ്വാസത്തിലാണ് ബിജെപി നേതൃത്വം.



Comments

Popular posts from this blog