റഷ്യയിൽ മലയാളി വിദ്യാർഥിനി തടാകത്തിൽ വീണ് മരിച്ചു
മുഴപ്പിലങ്ങാട്: റഷ്യയിൽ മലയാളി മെഡിക്കൽ വിദ്യാർഥിനി തടാകത്തിൽ വീണ് മരിച്ചു. മുഴപ്പിലങ്ങാട്ടെ ഇ. പ്രത്യൂഷയാണ് (24) മരിച്ചത്. മുഴപ്പിലങ്ങാട് കുറുമ്പ ഭഗവതി ക്ഷേത്രത്തിന് സമീപം താമസിക്കുന്ന ഷെർളിയുടെ ഏക മകളാണ്.
സ്മോളൻസ്ക് സ്റ്റേറ്റ് മെഡിക്കൽ കോളജിൽ നാലാം വർഷ വിദ്യാർഥിനിയാണ്. കൂടെ പഠിക്കുന്ന മലയാളി വിദ്യാർഥികൾ ഞായറാഴ്ച ഉച്ചയോടെയാണ് നാട്ടിലെ ബന്ധുക്കളെ വിവരം അറിയിച്ചത്. കോളജിൽനിന്ന് വിവരങ്ങൾ ഒന്നും കിട്ടിയില്ലെന്നാണ് ബന്ധുക്കൾ പറഞ്ഞത്.
കൂട്ടുകാർക്കൊപ്പം സവാരി പോയപ്പോൾ അബദ്ധത്തിൽ തടാകത്തിൽ വീണ് മുങ്ങി മരിച്ചതായാണ് വിദ്യാർഥികൾ വീട്ടുകാരെ അറിയിച്ചത്. അപകടത്തിൽപെട്ട രണ്ട് സഹപാഠികളെ രക്ഷപ്പെടുത്തിയെങ്കിലും പ്രത്യൂഷയെ രക്ഷിക്കാനായില്ലെന്നും കൂട്ടുകാർ അറിയിച്ചതായി ബന്ധുക്കൾ പറഞ്ഞു.
വരുന്ന ആഗസ്റ്റിൽ നാട്ടിൽ വരാനിരിക്കെയാണ് അപകടമുണ്ടായത്. മൃതദേഹം ബുധനാഴ്ച മുംബൈ വഴി നാട്ടിലെത്തിക്കുമെന്ന് ബന്ധുക്കൾ പറഞ്ഞു.

Comments
Post a Comment