ക്ഷേത്രത്തിന്റെ രൂപമെന്ന് പരാതി; നൂറ്റാണ്ടുകള്‍ പഴക്കമുള്ള പള്ളി അടച്ചുപൂട്ടാന്‍ ഉത്തരവിട്ട് കലക്ടര്‍



ഔറംഗബാദ്: മഹാരാഷ്ട്രയില്‍ തര്‍ക്കത്തിന് പിന്നാലെ പുരാതന മുസ്‌ലിംപള്ളി അടച്ചു. ജല്‍ഗാവ് ജില്ലയിലെ പള്ളിയാണ് കലക്ടര്‍ അടച്ചുപൂട്ടിയത്. പള്ളിക്ക് ക്ഷേത്രത്തിന്റെ രൂപസാദൃശ്യമുണ്ടെന്ന് ഒരു വിഭാഗം പരാതിപ്പെട്ടതിനെ തുടര്‍ന്നാണ് നടപടി. പതിറ്റാണ്ടുകളായി നിലവിലുള്ള പള്ളിയാണ് അടച്ചുപൂട്ടിയത്. മഹാരാഷ്ട്ര സര്‍ക്കാര്‍ ചരിത്ര സ്മാരകമായി പ്രഖ്യാപിക്കുകയും സംരക്ഷിത സ്മാരകങ്ങളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തുകയും ചെയ്ത പള്ളിയാണിത്.


പള്ളി അടച്ചുപൂട്ടിയ കളക്ടറുടെ ഉത്തരവിനെതിരെ ജുമാ മസ്ജിദ് ട്രസ്റ്റ് കമ്മിറ്റി ബോംബെ ഹൈക്കോടതിയുടെ ഔറംഗബാദ് ബെഞ്ചില്‍ ഹര്‍ജി നല്‍കി. ഹര്‍ജി ജൂലൈ 18ന് പരിഗണിക്കുമെന്ന് ട്രസ്റ്റിന്റെ അഭിഭാഷകന്‍ എസ്.എസ് ഖാസി പറഞ്ഞു. ക്രിമിനല്‍ നടപടി ചട്ടത്തിലെ 144, 145 വകുപ്പുകള്‍ പ്രകാരമാണ് ഉത്തരവ് പുറപ്പെടുവിച്ചത്. പള്ളിയുടെ ഭൂമി തര്‍ക്കത്തില്‍ അന്തിമ തീരുമാനമുണ്ടാകുന്നതുവരെ തുറക്കരുതെന്നാണ് ഉത്തരവില്‍ പറയുന്നത്.


ജൂലൈ 11നാണ് കലക്ടര്‍ പള്ളി അടച്ചുപൂട്ടി ആരാധന നിരോധിച്ച് ഉത്തരവിറക്കിയത്. മുനിസിപ്പല്‍ കൗണ്‍സില്‍ ചീഫ് ഓഫീസര്‍ക്ക് പള്ളിയുടെ താക്കോല്‍ കൈമാറാനും കലക്ടര്‍ നിര്‍ദേശിച്ചു.മേയിലാണ് വിവാദത്തിന് തുടക്കം. പാണ്ഡവാഡ സംഘര്‍ഷ് സമിതി എന്ന സംഘടനയാണ് പള്ളിക്ക് ക്ഷേത്രത്തിന്റെ രൂപമുണ്ടെന്നും അതിനാല്‍ പള്ളിയില്‍ മുസ്‌ലിംകളുടെ ആരാധന വിലക്കണമെന്നും ആവശ്യപ്പെട്ട് ജില്ലാ

കലക്ടര്‍ക്ക് അപേക്ഷ നല്‍കിയത്. അനധികൃത നിര്‍മാണം നീക്കം ചെയ്യണമെന്നും നടത്തുന്ന മദ്രസ നിര്‍ത്തണമെന്നും സമിതി ആവശ്യപ്പെട്ടു. പരാതിയുടെ അടിസ്ഥാനത്തില്‍, ജൂണ്‍ 14 ന് കലക്ടര്‍ ട്രസ്റ്റിന് നോട്ടീസ് നല്‍കുകയും ഹിയറിംഗിനായി ജൂണ്‍ 27 ന് ഹാജരാകാന്‍ നിര്‍ദേശിക്കുകയും ചെയ്തു. എന്നാല്‍ അന്നേ ദിവസം കലക്ടര്‍ തിരക്കിലായതിനാല്‍ ഹിയറിങ് നടന്നില്ലെന്ന് പള്ളി ട്രസ്റ്റിന്റെ വാദംവിശദീകരിക്കാന്‍ അവസരം നല്‍കാതെ അടച്ചുപൂട്ടാന്‍ കലക്ടര്‍ ഉത്തരവിടുകയുമായിരുന്നെന്ന് ട്രസ്റ്റ് ആരോപിച്ചു. ഉത്തരവ് പ്രകാരം നിലവില്‍ രണ്ട് പേര്‍ക്ക് മാത്രമേ പള്ളിയില്‍ നമസ്‌കരിക്കാന്‍ അനുവാദമുള്ളു. മറ്റാര്‍ക്കും പ്രവേശിക്കാന്‍ കഴിയില്ല.



Comments

Popular posts from this blog