മുസ്‌ലിം വിദ്യാർത്ഥിയെ മറ്റു മതത്തിൽ പെട്ട വിദ്യാർത്ഥികളെ കൊണ്ട് അധ്യപിക അടിപ്പിച്ച സംഭവം; നടപടിയെടുക്കാൻ വിദ്യാഭ്യാസ വകുപ്പിനോട് ആവശ്യപ്പെടുമെന്ന് പൊലീസ്
ഉത്തർപ്രദേശിലെ സ്വകാര്യ സ്‌കൂളിൽ വെച്ച് മുസ്‌ലിം സമുദായത്തിൽപെട്ട ആൺകുട്ടിയെ തല്ലാൻ അധ്യാപിക ക്ലാസിലെ മറ്റു വിദ്യാർത്ഥികളോട് പറയുന്ന വീഡിയോ വൈറലായതിന് പിന്നാലെ അധ്യാപികയ്ക്കെതിരെ നടപടിയെടുക്കാൻ വിദ്യാഭ്യാസ വകുപ്പിനോട് ആവശ്യപ്പെടുമെന്ന് പൊലീസ് അറിയിച്ചു. അധ്യാപികയുടെ നടപടി വർഗീയ സ്വഭാവമുള്ളതാണോയെന്ന് പരിശോധിച്ച് വരികയാണെന്ന് പൊലീസ് പറഞ്ഞു. വീഡിയോയിൽ അധ്യാപിക വർഗീയ പദങ്ങൾ ഉപയോഗിച്ചിട്ടുണ്ടെന്ന് പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്.
ഗുണന പട്ടിക പഠിക്കാത്തതിന്റെ പേരിൽ അധ്യാപികയുടെ നിർദേശ പ്രകാരം ക്ലാസിലെ വിദ്യാർത്ഥികൾ സഹപാഠിയെ മർദ്ദിക്കുന്ന വീഡിയോ ശ്രദ്ധയിൽപ്പെട്ടു. വീഡിയോയിൽ അധ്യാപിക പറയുന്ന ആക്ഷേപകരമായ വാക്കുകളെ കുറിച്ച് സ്കൂൾ പ്രിൻസിപ്പലുമായി സംസാരിച്ചുവെന്ന് പൊലീസ് സൂപ്രണ്ട് സത്യനാരായണ പ്രജാപത് എക്സിലൂടെ വ്യക്തമാക്കി.
പഠനത്തിൽ ശ്രദ്ധിക്കാത്ത മുസ്ലീം കുട്ടികളുടെ അമ്മമാരാണ് അവരുടെ പഠന നിലവാരത്തകർച്ചയ്ക്ക് ഉത്തരവാദികളെന്ന് അധ്യാപിക പറഞ്ഞു. വിവരം വിദ്യാഭ്യാസ ഓഫീസറെ അറിയിച്ചിട്ടുണ്ടെന്നും അധ്യാപകനെതിരെ നടപടിയെടുക്കുമെന്നും പൊലീസ് ഓഫീസർ പ്രസ്താവനയിൽ പറഞ്ഞു. അധ്യാപികയ്ക്കെതിരെ നടപടിയെടുക്കാൻ ഉത്തരവിട്ടതായി ബാലാവകാശ സംഘടനയും അറിയിച്ചു.
സംഭവത്തിൽ മർദ്ദനത്തിനിരയായ വിദ്യാർത്ഥിയുടെ പിതാവ് സ്കൂൾ അധികൃതരുമായി ഒത്തുതീർപ്പിലെത്തി. സ്‌കൂളിനെതിരെ പരാതി നല്‍കുന്നില്ല. കുട്ടിയുടെ പിതാവ് മാധ്യമങ്ങളോട് പറഞ്ഞു. തന്റെ കുട്ടിയെ ഇനി ഈ സ്‌കൂളിലേക്ക് അയക്കുന്നില്ല. സ്‌കൂൾ ഫീസ് തിരികെ നൽകണം. വിഷയത്തിൽ തുടരാൻ ആഗ്രഹിക്കുന്നില്ലെന്നും പിതാവ് വ്യക്തമാക്കി.
സംഭവത്തിൽ കോൺഗ്രസ് എംപി രാഹുൽ ഗാന്ധി പ്രതികരിച്ചിരുന്നു. എക്സിലൂടെയാണ് രാഹുൽ ഗാന്ധി പ്രതികരിച്ചത്. 'നിരപരാധികളായ കുട്ടികളുടെ മനസ്സിൽ വിവേചനത്തിന്റെ വിഷം വിതച്ച്, സ്‌കൂൾ പോലുള്ള പുണ്യസ്ഥലത്തെ വെറുപ്പിന്റെ കമ്പോളമാക്കി മാറ്റുന്നു. ഒരു അധ്യാപകന് രാജ്യത്തിന് വേണ്ടി ഇതിലും മോശമായി ഒന്നും ചെയ്യാൻ കഴിയില്ല. ഇത് തന്നെയാണ് ബിജെപി വിതച്ച മണ്ണെണ്ണ. ഇന്ത്യ കത്തിക്കയറുന്നു. കുട്ടികളാണ് ഇന്ത്യയുടെ ഭാവി-അവരെ വെറുക്കരുത്, നമ്മൾ എല്ലാവരും ഒരുമിച്ച് സ്നേഹം പഠിപ്പിക്കണം', രാഹുൽ ഗാന്ധി പറഞ്ഞു.
മതപരമായ ഭിന്നതകൾ പാർശ്വവൽക്കരിക്കപ്പെട്ട, ന്യൂനപക്ഷ സമുദായങ്ങൾക്കെതിരെ എത്രമാത്രം അക്രമത്തിന് തിരികൊളുത്തുമെന്നതിന്റെ വേദനാജനകമായ മുന്നറിയിപ്പാണ് മുസഫർനഗർ സ്കൂളിലെ വീഡിയോ. യുപി പൊലീസ് സ്വമേധയാ കേസെടുത്തു. കുട്ടിയുടെ വിദ്യാഭ്യാസം തടസ്സപ്പെടുത്തുന്നില്ലെന്ന് മുസാഫർനഗറിലെ ഞങ്ങളുടെ എംഎൽഎമാർ ഉറപ്പാക്കും', ലോക് ദൾ നേതാവ് ജയന്ത് സിംഗ് എക്‌സിലൂടെ പറഞ്ഞു.
കഴിഞ്ഞ ദിവസമാണ് ഉത്തർപ്രദേശിലെ മുസാഫർനഗർ ഖുബ്ബാപൂർ ഗ്രാമത്തിലെ നേഹ പബ്ലിക് സ്‌കൂളിൽ അധ്യാപിക ക്ലാസ്മുറിയിലെ മറ്റു വിദ്യാർഥികളെ കൊണ്ട് മുസ്‌ലിം വിദ്യാർഥിയെ അടിപ്പിച്ചത്. സ്‌കൂളിലെ അധ്യാപികയായ തൃപ്ത ത്യാഗിയാണ് ക്ലാസ്മുറിയിൽ വെച്ച് മുസ്‌ലിം വിദ്യാർഥിയെ മറ്റു വിദ്യാർഥികളെ കൊണ്ട് മർദിപ്പിച്ചത്. ട്വിറ്ററടക്കം (എക്‌സ്) സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന വീഡിയോയിലൂടെയാണ് സംഭവം പുറംലോകമറിഞ്ഞത്. സ്‌കൂളിലെ ക്ലാസ്മുറിയിൽ മുമ്പിലായി നിർത്തിയ വിദ്യാർഥിയുടെ മുഖത്ത് നിലത്തിരിക്കുന്ന വിദ്യാർഥികളിൽ നിന്ന് ഓരോരുത്തരായി എഴുന്നേറ്റ് വന്ന് അടിക്കുന്നതാണ് വീഡിയോയിലുള്ളത്. മറ്റൊരാൾ പകർത്തിയ വീഡിയോയിൽ കേൾക്കാം. വീഡിയോ പകർത്തിയയാൾ ഉറക്കെ ചിരിക്കുന്നതും അധ്യാപികയെ പ്രോത്സാഹിപ്പിക്കുന്നതും വീഡിയോയിൽ വ്യക്തമാണ്. ശക്തമായി അടിക്കാത്തതിന് ചില വിദ്യാർഥികളെ അധ്യാപിക ചീത്ത പറയുന്നതും വീഡിയോയിൽ കേൾക്കാൻ സാധിക്കും.

Comments
Post a Comment