നാടും നഗരം പൂപ്പാടമായി, ഓണലഹരിയില്‍ നാടുണര്‍ന്നു




മാവേലിയെ വരവേല്‍ക്കാനുള്ള പൂക്കളൊരുക്കി കണ്ണൂര്‍ നഗരം ചമഞ്ഞിറങ്ങി. പൂക്കളമൊരുക്കാന്‍ പൂക്കള്‍ വാങ്ങാനെത്തുന്നവരുടെയും ഓണമാഘോഷിക്കാനുള്ള മറ്റ് വിഭവങ്ങള്‍ വാങ്ങാനെത്തുന്നവരുടെയും തിരക്കില്‍ കണ്ണൂര്‍ നഗരവും ശബ്ദാനമായപ്പോള്‍ എങ്ങും ആഹ്‌ളാദത്തിന്റെ അലയൊലികള്‍ മാത്രം. മുമ്പെങ്ങുമില്ലാത്തവിധം അഭൂതപൂര്‍വ്വമായ തിരക്കില്‍ മുഴുകിയിരിക്കുകയാണ് നഗരം. നാട്ടുപൂക്കളുടെ ലഭ്യത കുറഞ്ഞപ്പോള്‍ മറുനാട്ടില്‍ നിന്നുള്ള പൂക്കള്‍ തന്നെയാണ് കഴിഞ്ഞ കുറേ വര്‍ഷങ്ങളിലായി ഓണത്തിന്റെ മാറ്റ് കുറയാതെ കാക്കുന്നത്.

പൂക്കളില്ലാതെ ഓണത്തെക്കുറിച്ച് മലയാളികള്‍ക്ക് സങ്കല്‍പ്പിക്കാനാവില്ല. ഇക്കുറി പൂക്കളേറെയും ബാംഗ്ലൂരില്‍ നിന്നാണ് കണ്ണൂരിലേക്ക് എത്തിയത്. ഗുണ്ടല്‍പേട്ടില്‍ നിന്നുള്ള പൂക്കളും എത്തിയിട്ടുണ്ട്. കണ്ണഞ്ചിക്കുന്ന നിറങ്ങളിലുള്ള പൂക്കളുടെ വൈവിധ്യമാണ് കണ്ണൂര്‍ നഗരത്തില്‍ നിന്നുള്ള പ്രധാന കാഴ്ച. ചെട്ടി, ജമന്തി, റോസ്, ചെണ്ടുമല്ലി തുടങ്ങിയവ മാത്രമല്ല, നവാഗതരായ വിവിധതരം പൂക്കളും ഇത്തവണത്തെ ആകര്‍ഷണമാണ്. ചെട്ടിതന്നെ വിവിധതരമുണ്ട്. മഞ്ഞനിറമുള്ള ചെട്ടിക്കാണ് ഏറ്റവും കുറഞ്ഞ വില, കിലോയ്ക്ക് ഇതിന് 150 രൂപയാണ്. വിവിധ നിറമുള്ള ജമന്തിക്ക് ഇക്കുറി വില കുറച്ചധികമാണ്. അറുന്നൂറു രൂപ. അറുന്നൂറു രൂപയാണ് പൂക്കളുടെ കൂടിയ വില. ചെണ്ടുമല്ലിക്ക് മുന്നൂറുരൂപ വിലയുണ്ട്. വിവിധ നിറങ്ങളിലുള്ള റോസുകള്‍ വലിയ ആര്‍ഷണമാണ്. വില്‍പ്പനക്കാര്‍ക്ക് പോലും ചിലവയുടെ പേരറിയില്ല. പൂക്കളുടെ ഹൈബ്രിഡ് ഇനങ്ങളും നഗരപാതയോരങ്ങളില്‍ നിറഞ്ഞ് നഗരത്തെ പൂപ്പാടമാക്കിയിരിക്കുന്നു


പൂക്കളം കുഞ്ഞുകുട്ടികള്‍ മുതല്‍ മുതിര്‍ന്നവര്‍ക്കുവരെയുള്ള ഒരേയൊരിനമാണ് കേരളത്തില്‍. അതുകൊണ്ടുതന്നെ പൂക്കള്‍ വാങ്ങുന്നവരുടെ കാഴ്ച ഓണക്കാലത്ത് മാത്രമുള്ള അനുഭൂതിയാണ്. പൂക്കളമൊരുക്കുമ്പോള്‍ കുരുന്നുകള്‍ മുതിര്‍ന്നവരുടെ കൂടെ കൂടും. അവരുടെ കൈകള്‍ക്കും കണ്ണുകള്‍ക്കും സൂക്ഷ്മത നല്‍കുകയും കൃത്യമായ വിതാനം പഠിപ്പിക്കുകയും ചെയ്യുന്നു ഓണപ്പൂക്കളം. കലയുടെ കരവിരുത് ആദ്യമായി കുട്ടികള്‍ പഠിക്കുന്നതും ഇതില്‍ നിന്നാണ്. അതുകൊണ്ടുതന്നെ പൂക്കള്‍ വാങ്ങിയെത്തുന്ന മാതാപിതാക്കളെ കാണുമ്പോള്‍ കുട്ടികള്‍ തുള്ളിച്ചാടും. ആ ആഹ്‌ളാദം ഓണക്കാലത്തിന് മാത്രം അവകാശപ്പെട്ടതാണ്.

നഗരത്തില്‍ ഓണക്കാഴ്ചകളില്‍ പൂക്കളം മാത്രമല്ല. വിവിധതരം ഡീസൈനിലുള്ള ചെറുഭരണികളും മറ്റും പാതയോരങ്ങളില്‍ നിറഞ്ഞിട്ടുണ്ട്. മണ്‍കലങ്ങള്‍ മുതല്‍ വസ്ത്രങ്ങള്‍ വരെ പാതയോരത്തെ കാഴ്ചകളാണെങ്കില്‍ വന്‍കിട വ്യാപാര സ്ഥാപനങ്ങളിലും തിരക്കിലാണ്. ഭക്ഷണശാലകള്‍, വസ്ത്രാലയങ്ങള്‍ എന്നുവേണ്ട എല്ലായിടത്തും തിരക്കുതന്നെ. എങ്ങും ഓണനിലാവ് പരന്നിരിക്കുന്നു. എല്ലായിടത്തും ഓണം പൂത്തുനില്‍ക്കുമ്പോള്‍ ആബാലവൃദ്ധം ജനങ്ങളിലും നിറഞ്ഞ സന്തോഷം മാത്രം.


Comments

Popular posts from this blog