തൊലി വെളുക്കാന്‍ വ്യാജ ഫെയര്‍നെസ് ക്രീം ഉപയോഗിച്ചു; മലപ്പുറത്ത് എട്ടു പേര്‍ക്ക് അപൂര്‍വ വൃക്കരോഗം.



സൗന്ദര്യം വര്‍ധിപ്പിക്കുന്നതിനായി കണ്ണില്‍ക്കണ്ട ക്രീമുകള്‍ വാരിപ്പുരട്ടുന്നവര്‍ ജാഗ്രത പാലിക്കുക. ഇത്തരം ഊരും പേരുമില്ലാത്ത ക്രീമുകള്‍ 

വൃക്കരോഗമുണ്ടാക്കും. കോട്ടയ്ക്കല്‍  ആശുപത്രിയിലെ നെഫ്രോളജി വിഭാഗം ഡോക്ടര്‍മാരുടേതാണ് കണ്ടെത്തല്‍.


കഴിഞ്ഞ ഫെബ്രുവരിമുതല്‍ ജൂണ്‍വരെ ചികിത്സതേടിയെത്തിയ രോഗികളിലാണ് മെമ്പ്രനസ് നെഫ്രോപ്പതി (എം.എന്‍.) എന്ന അപൂര്‍വ വൃക്കരോഗം കണ്ടെത്തിയത്. വൃക്കയുടെ 

അരിപ്പയ്ക്ക് കേടുവരികയും പ്രോട്ടീന്‍ മൂത്രത്തിലൂടെ നഷ്ടപ്പെടുകയും ചെയ്യുന്ന അവസ്ഥയാണിത്. രോഗം തിരിച്ചറിയപ്പെട്ടവരില്‍ കൂടുതല്‍പ്പേരും തൊലിവെളുക്കാന്‍

ഉയര്‍ന്ന അളവില്‍ ലോഹമൂലകങ്ങള്‍ അടങ്ങിയ ക്രീമുകള്‍ ഉപയോഗിച്ചവരാണ്.


പതിനാലുകാരിയിലാണ് രോഗം ആദ്യം ശ്രദ്ധയില്‍പ്പെട്ടത്. മരുന്നുകള്‍ ഫലപ്രദമാകാതെ വന്നപ്പോള്‍, പതിവില്ലാത്ത എന്തെല്ലാം കാര്യങ്ങളാണ് കുട്ടി ഉപയോഗിച്ചതെന്നേഷിച്ചു അങ്ങനെയാണ് കുട്ടി ഫെയര്‍നസ് ക്രീം ഉപയോഗിച്ചതായി മനസ്സിലാക്കിയത്. എന്നാല്‍ ഇതാണ് രോഗകാരണമെന്ന് ആ സന്ദര്‍ഭത്തില്‍ ഉറപ്പിക്കാനാകുമായിരുന്നില്ല.


ഇതേ സമയത്തുതന്നെ കുട്ടിയുടെ ഒരു ബന്ധുവും സമാന രോഗാവസ്ഥയുമായി ചികിത്സതേടിയെത്തി. ഇരുവര്‍ക്കും അപൂര്‍വമായ 'നെല്‍ 1 എം.എന്‍.' പോസിറ്റീവായിരുന്നു.

ഈ കുട്ടിയും ഫെയര്‍നസ് ക്രീം ഉപയോഗിച്ചിരുന്നു.


പിന്നീട് ഇരുപത്തൊന്‍പതുകാരന്‍കൂടി സമാനലക്ഷണവുമായി വന്നു. ഇയാള്‍ രണ്ടുമാസമായി ഫെയര്‍നസ് ക്രീം ഉപയോഗിച്ചിരുന്നു. ഇതോടെ നേരത്തേ സമാനലക്ഷണങ്ങളുമായി ചികിത്സതേടിയ മുഴുവന്‍ രോഗികളെയും വരുത്തി.

ഇതില്‍ എട്ടുപേര്‍ ക്രീം ഉപയോഗിച്ചവരായിരുന്നു. ഇതോടെ രോഗികളെയും അവര്‍ ഉപയോഗിച്ച ഫെയ്സ്‌ക്രീമും വിശദപരിശോധനയ്ക്കു വിധേയമാക്കിയെന്ന്

ഹോസ്പിറ്റലിലെ നെഫ്രോളജിസ്റ്റുമാർ പറഞ്ഞു .


പരിശോധനയില്‍ മെര്‍ക്കുറിയുടെയും ഈയത്തിന്റെയും അളവ് അനുവദനീയമായതിനേക്കാള്‍ നൂറുമടങ്ങ് അധികമാണെന്നു കണ്ടെത്തി. ഉപയോഗിച്ച ക്രീമുകളില്‍ ഉത്പാദകരെ 

സംബന്ധിച്ചോ അതിലെ ചേരുവകള്‍ സംബന്ധിച്ചോ വിവരങ്ങള്‍ ഉണ്ടായിരുന്നില്ല.


ഓപ്പറേഷന്‍ സൗന്ദര്യ എന്നപേരില്‍ ഫെബ്രുവരിയില്‍ സംസ്ഥാന ഡ്രഗ്സ് കണ്‍ട്രോള്‍ വകുപ്പ് വ്യാജ സൗന്ദര്യവര്‍ധകവസ്തുക്കള്‍ പിടികൂടിയിരുന്നെങ്കിലും ഓപ്പറേഷന്‍' തണുത്തതോടെ വ്യാജ ഉത്പന്നങ്ങള്‍ വീണ്ടും വ്യാപകമായി. വെളുക്കാന്‍ തേക്കുന്ന ക്രീമുകള്‍, ഫെയ്സ് ലോഷന്‍, ഷാംപൂ, സോപ്പുകള്‍, നെയില്‍ പോളിഷ്

തുടങ്ങിയവയാണ് പാകിസ്താന്‍, തുര്‍ക്കി, ചൈന എന്നീ രാജ്യങ്ങളുടെ ലേബലില്‍ എത്തുന്നത്.


Comments

Popular posts from this blog