നായയെ രക്ഷിക്കാന്‍ ബൈക്ക് വെട്ടിച്ചു; മരിച്ച യുവാവിന്‍റെ വീട്ടിലെത്തി അമ്മയെ കണ്ട് സങ്കടം ബോധിപ്പിച്ച് നായ !
കര്‍ണ്ണാടകയില്‍ നിന്നും അസാധാരണമായ ഒരു വാര്‍ത്ത കഴിഞ്ഞ ദിവസം പുറത്ത് വന്നു. കർണാടകയിലെ ദാവൻഗരെയിൽ തെരുവ് നായയുമായി കൂട്ടിയിടിക്കാതിരിക്കാൻ ബൈക്ക് വെട്ടിച്ചതിനെ തുടര്‍ന്നുണ്ടായ അപകടത്തില്‍ കൊല്ലപ്പെട്ട യുവാവിന്‍റെ വീട്, അപകടത്തിന് കാരണക്കാരനായ നായ സന്ദര്‍ശിച്ചുവെന്നതാണ് വാര്‍ത്ത. കഴിഞ്ഞ നവംബര്‍ 16 ന് ശിവമോഗ ജില്ലയിലെ ഭദ്രാവതി താലൂക്കിൽ നടന്ന അപകടത്തില്‍ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റാണ് തിപ്പേഷ് എന്ന 21 കാരന്‍ മരിച്ചത്. മൃതദേഹവുമായി സഞ്ചരിച്ച വാഹനത്തെ പിന്തുടര്‍ന്നാണ് നായ തിപ്പേഷിന്‍റെ വീട്ടിലെത്തിയത്.
മരണത്തിന് പിന്നാലെ തിപ്പേഷിന്‍റെ വീട്ടിലേക്ക് ഒരു തെരുവ് നായയെത്തി. തുടര്‍ന്ന് തിപ്പേഷിന്‍റെ അമ്മയുടെ അടുത്തെത്തി അവരുടെ കൈയില്‍ തല ചായ്ച്ചു. മകന്‍റെ മരണത്തില്‍ തെരുവ് നായ അതിയായ ദുഃഖം രേഖപ്പെടുത്തുന്നത് പോലെയായിരുന്നു അത്. നായ മകന്‍റെ മരണത്തില്‍ ദുഃഖം പ്രകടിപ്പിക്കുകയായിരുന്നെന്ന് തിപ്പേഷിന്‍റെ അമ്മ യശോദാമ്മ പറഞ്ഞു. "മകന്‍റെ ശവസംസ്കാരത്തിന് ശേഷം നായ ഞങ്ങളുടെ വീട്ടിലേക്ക് അടുക്കാൻ ശ്രമിച്ചു, പക്ഷേ, പ്രദേശത്തെ ചിലര്‍ അതിനെ ഓടിച്ചു. കുറച്ച് ദിവസങ്ങൾക്ക് ശേഷം അത് വീണ്ടും വീട്ടിലേക്ക് കയറി വന്നു. എന്‍റെ കൈയിൽ തല ചായ്ച്ചു. നായ തിപ്പേഷിന്‍റെ മരണത്തില്‍ സങ്കടം അറിയിക്കാൻ ശ്രമിക്കുന്നതായി ഞങ്ങൾക്ക് തോന്നി. അത് ഇപ്പോൾ ഞങ്ങളോടൊപ്പമാണ് ജീവിക്കുന്നത്," യശോദാമ്മ പറഞ്ഞതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തു.

Comments
Post a Comment