മലയാളികള്‍ ഏറ്റവും കൂടുതല്‍ യു.എ.ഇയില്‍; 182 രാജ്യങ്ങളിലും കേരളത്തില്‍ നിന്ന് ജോലി തേടി എത്തുന്നവര്‍





പ്രവാസികള്‍ക്കായുള്ള കേരള സര്‍ക്കാര്‍ ഏജന്‍സിയായ നോര്‍ക്ക റൂട്ട്‌സിന്റെ കണക്ക് പ്രകാരം ലോകത്തെ 195 രാജ്യങ്ങളില്‍ 182 എണ്ണത്തിലും മലയാളികള്‍ ജോലി ചെയ്യുന്നതായി റിപ്പോര്‍ട്ട്. യു.എ.ഇയിലാണ് മലയാളികള്‍ കൂടുതല്‍ ജോലി തേടി എത്തുന്നതെന്നും നോര്‍ക്കയുടെ ഔദ്യോഗിക കണക്ക് പ്രകാരം ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു.


നോര്‍ക്കയുടെ 2018 മുതല്‍ 2022 വരെയുള്ള പ്രവാസി തിരിച്ചറിയല്‍ രജിസ്‌ട്രേഷന്‍ കണക്ക് പ്രകാരമുള്ള വിവരമാണ് ഇത്. ഔദ്യോഗിക കണക്ക് ഇതാണെങ്കിലും നോര്‍ക്കയില്‍ രജിസ്റ്റര്‍ ചെയ്യാത്തതടക്കം നിരവധി പേര്‍ ഇനിയും ഉണ്ടാകുമെന്നാണ് വിലയിരുത്തല്‍.

ഈ കണക്കുകള്‍ വ്യക്തമാക്കുന്നത് ജോലി തേടി ലോകത്ത് ഏകദേശം എല്ലായിടത്തും മലയാളികള്‍ എത്തുന്നുണ്ട് എന്നതാണെന്ന് നോര്‍ക്ക റൂട്ട്‌സ് സിഇഒ ഹരികൃഷ്ണന്‍ നമ്പൂതിരി.കെ. പറഞ്ഞു.

പ്രാവാസി ഐഡി രജിസ്‌ട്രേഷന്‍ ചെയ്യുന്നത് വഴി അത്യാഹിതങ്ങള്‍ക്ക് നാല് ലക്ഷം വരെയുള്ള ഇന്‍ഷുറന്‍സ് ലഭ്യമാക്കുന്നുണ്ട്. മാത്രമല്ല. രജിസ്‌ട്രേഷന്‍ ചെയ്യുന്നത് വഴി അടിയന്തര ഘട്ടങ്ങളില്‍ സഹായമെത്തിക്കാനും കേരള സര്‍ക്കാരിന് സാധിക്കും. കേരളത്തില്‍ നിന്നും പുറം രാജ്യങ്ങളിലേക്ക് പോയവരില്‍ 4,36,960 പേരാണ് ഇതുവരെ പ്രവാസി ഐഡി രജിസ്‌ട്രേഷന്‍ ചെയ്തിരിക്കുന്നത്. ഇതില്‍ എല്ലാതരം ജോലികള്‍ ചെയ്യുന്നവരും ഉള്‍പ്പെടുന്നു.

ആകെയുള്ള എണ്ണത്തില്‍ 1,80,465 പേരും യുഎഇയിലാണ്. അതില്‍ സൗദിയില്‍ 98,783 ഖത്തറില്‍ 53,463 പേരുമുള്ളതായാണ് കണക്ക്. റഷ്യയില്‍ 213 മലയാളികള്‍, ഉക്രൈയിനില്‍ 1227 പേരും ഇസ്രയേലില്‍ 1036 പേരുമുണ്ടെന്നാണ് കണക്ക്. പലസ്തീനില്‍ നാല് മലയാളികള്‍ ഉണ്ട്. കാനഡയില്‍ 659 , യുകെയില്‍ 1031, അമേരിക്കയില്‍ 954, ചൈനയില്‍ 573 പേരുമുണ്ടെന്നാണ് കണക്ക്.

അതേസമയം പാകിസ്ഥാന്‍, നോര്‍ത്ത് കൊറിയ, തുടങ്ങിയ രാജ്യങ്ങളില്‍ മലയാളികള്‍ പ്രവര്‍ത്തിക്കുന്നില്ലെന്നാണ് നോര്‍ക്കയുടെ കണക്കിലുള്ളത്.

Comments

Popular posts from this blog