വയനാടൊഴുകിയെത്തി, ജമാലുപ്പയെ ഒരുനോക്ക് കാണാൻ…






മുട്ടിൽ: കുട്ടികളുടെ കാര്യങ്ങൾക്ക് ഒരു കുറവും വരാതിരിക്കാൻ ഓടിയോടി ഒടുവിൽ പ്രിയപ്പെട്ട ജമാലുപ്പ മടങ്ങി. ആയിരങ്ങളാണ് അവസാനമായി പ്രിയപ്പെട്ട ജമാൽ സാഹിബിന് അന്ത്യോപചാരമർപ്പിക്കാൻ വയനാട്ടിലേക്ക് ഒഴുകിയെത്തിയത്. ആരോരുമില്ലാത്ത അനേകർക്ക് അഭയം നൽകിയ മുട്ടിൽ യത്തീംഖാനയുടെ അമരക്കാരനായ മുഹമ്മദ് ജമാൽ സാഹിബിന്‍റെ വിയോഗം നാടിനാകെ നൊമ്പരമായി. മുട്ടിൽ WMO ഹാളിലും ബത്തേരി WMO സ്കൂളിലും നടന്ന പൊതുദർശനച്ചടങ്ങിലും ബത്തേരി വലിയ പള്ളിയിലെ നിസ്കാരച്ചടങ്ങിലും തിങ്ങി നിറഞ്ഞ ജനസദസിനെ സാക്ഷിയാക്കിയാണ് അദ്ദേഹം മടങ്ങിയത്.

ഇന്നലെയാണ്  സേവന രംഗത്ത് നിറസാന്നിധ്യവും വയനാട് മുസ്‍ലിം യത്തീംഖാന (ഡബ്ല്യു.എം.ഒ) ജനറൽ സെക്രട്ടറിയുമായ എം.എ. മുഹമ്മദ് ജമാൽ (83) അന്തരിച്ചത്. ലീഗ് സംസ്ഥാന സെക്രട്ടറിയേറ്റ് അംഗവും ജില്ല വൈസ് പ്രസിഡന്റുമായിരുന്നു. വാർധക്യസഹജമായ അസുഖത്തെ തുടർന്ന് കോഴിക്കോട് സ്റ്റാർ കെയർ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം


വാർധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയായിരുന്നു അദ്ദേഹം. അസുഖം ഭേദമായി മുട്ടിലിൽ തിരിച്ചെത്തി കുട്ടികളോടൊപ്പം ചെലവഴിക്കണമെന്നാണ് പ്രിയപ്പെട്ടവരോട് അദ്ദേഹം എപ്പോഴും പറഞ്ഞു കൊണ്ടിരുന്നത്. അദ്ദേഹത്തിന്‍റെ വിയോഗത്തോടെ നാടിന് നഷ്ടമായത് സാമൂഹിക സാംസ്കാരിക മേഖലകളിലെ അതികായനെയാണ്. സ്വന്തം ജീവിതത്തിൽ അനുഭവിക്കേണ്ടി വന്ന അനാഥത്വത്തിന്‍റെ വേദനിപ്പിക്കുന്ന ഓർമകളാണ് അദ്ദേഹത്തെ ഒരു മുഴുവൻ സമയ അഗതി സംരക്ഷനാക്കി തീർത്തത്. ജീവിതകാലം മുഴുവൻ അദ്ദേഹം ചെലവഴിച്ചതും അതിന് വേണ്ടി മാത്രമായിരുന്നു.





മുട്ടിൽ അനാഥാലയം സ്വന്തം വീടായികാണുന്ന നൂറ് കണക്കിന് അനാഥകുട്ടികൾ ഇന്ന് ലോകത്തിന്‍റെ വിവിധ മേഖലകളിൽ വിദഗ്ധതൊഴിൽ മേഖലകളിൽ ജോലി ചെയ്യുന്നുണ്ട്, നല്ല കുടുംബജീവിതം നയിക്കുന്നുണ്ട്.അവർക്കെല്ലാം ജമാലുപ്പയാണ് സ്വന്തം വീടും വീട്ടുകാരും. സ്നേഹവാത്സല്യങ്ങൾക്കപ്പുറം കുട്ടികൾക്ക് നൽകേണ്ടത് ബഹുമാനവും ആദരവുമാണെന്ന് ജമാൽ സാഹിബ് ഉറച്ച് വിശ്വസിച്ചിരുന്നു. ഭക്ഷണവും പാർപ്പിടവും വിദ്യാഭ്യാസവും മാത്രമല്ല ബഹുമാനവും പരിഗണനയും കുട്ടികളുടെ ജീവിതത്തെ എങ്ങനെ സ്വാധീനിക്കുമെന്നും അദ്ദേഹത്തിന് ഉറച്ച ബോധ്യമുണ്ടായിരുന്നു.

വയനാട് മുസ്‍ലിം ഓർഫനേജ് ഉൾപ്പെടെയുള്ള സ്ഥാപനങ്ങളുടെ സ്ഥാപക നേതാവാണ്. 1967ൽ മുക്കം യതീംഖാനയുടെ ശാഖയായി മുട്ടിൽ ഡബ്ല്യു.എം.ഒ ആരംഭിച്ചത് മുതൽ അതുമായി ബന്ധപ്പെട്ട് പ്രവർത്തിച്ചു വരുന്നു. 1976 ൽ ഡബ്ല്യു.എം.ഒയുടെ ജോയിന്റ് സെക്രട്ടറിയും 1988 മുതൽ ജനറൽ സെക്രട്ടറിയായും ചുമതല വഹിക്കുന്നുണ്ട്.


Comments

Popular posts from this blog