മഞ്ചേരി വാഹനാപകടം;അബ്ദുൽ മജീദിന്റെ മൃതദേഹം കൊണ്ടുവരുക മകളുടെ വിവാഹ പന്തലിലേക്ക്


മജീദിന്റെ ഖബറടക്കം മഞ്ചേരി സെൻട്രൽ ജുമാമസ്ജിദിൽ, കിഴക്കേത്തല മദ്രസയിൽ പൊതുദർശനം;മഞ്ചേരി അപകടത്തിൽ നടുങ്ങി നാട്





മലപ്പുറം: മലപ്പുറം മഞ്ചേരിയിൽ അയ്യപ്പഭക്തർ സഞ്ചരിച്ച ബസും ഓട്ടോയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മരിച്ചവരുടെ പോസ്റ്റ്‌മോർട്ടം നടപടികൾ പുരോഗമിക്കുന്നു. ഓട്ടോ ഡ്രൈവർ അബ്ദുൽ മജീദിന്റെ മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം വീട്ടിലേക്ക് കൊണ്ട് പോകും. രാവിലെ10 മണിക്ക് മഞ്ചേരി സെന്റ്രൽ ജുമാ മസ്ജിദിൽ ഖബറടക്കം നടക്കും. ഒരേ കുടുംബത്തിലുള്ള മുഹ്സിന, തസ്നീമ, റിൻഷ ഫാത്തിമ, റൈഹ ഫാത്തിമ്മ എന്നിവരുടെ മൃതദേഹം മഞ്ചേരി കിഴക്കേത്തല മദ്രസയിൽ പൊതുദർശനത്തിന് വെക്കും. മുഹ്സിനയുടെ ഖബറടക്കം മഞ്ചേരി താമരശ്ശേരി ജുമാമസ്ജിദിലും തസ്‌നീമയുടെയും രണ്ട് മക്കളുടെയും കബറടക്കം  കാളികാവ് വെളളയൂർ ജുമാമസ്ജിദിലും നടക്കും.

അതേസമയം, മഞ്ചേരി വാഹനാപകടത്തിൽ പ്രതിഷേധവുമായി നാട്ടുകാർ രം​ഗത്തെത്തി. റോഡിൻ്റെ അശാസ്ത്രീയതയാണ് അപകടകാരണമെന്ന് കാണിച്ച് അരീക്കോട് - മഞ്ചേരി റോഡ് നാട്ടുകാർ ഉപരോധിച്ചു. തുടർന്ന് അധികാരികളുമായുള്ള ചർച്ചയ്ക്ക് ശേഷം ഉപരോധം അവസാനിപ്പിക്കുകയായിരുന്നു. ഇന്നലെ വൈകുന്നേരമാണ് ബസ്സും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് അഞ്ചുപേർ മരിച്ചത്.

മഞ്ചേരി കിഴക്കേതലയിൽ നിന്ന് പുല്ലൂരിലേക്ക് പോകുന്ന ഓട്ടോയാണ് അപകടത്തിൽ പെട്ടത്. ഓട്ടോ ഡ്രൈവർ അബ്ദുൽ മജീദ്, മുഹ്സിന സഹോദരി  തസ്നീമ, തസ്നിമയുടെ മക്കളായ മോളി(7), റൈസ(3) എന്നിവരാണ് മരിച്ചത്. ഇവർക്ക് ഒപ്പമുണ്ടായിരുന്ന സാബിറ, മുഹമ്മദ് നിഷാദ്(11), ആസാ ഫാത്തിമ(4), മുഹമ്മദ് അസാൻ, റൈഹാൻ എന്നിവരെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഓട്ടോ ഡ്രൈവർ നാണി എന്നുവിളിക്കുന്ന അബ്ദുൽ മജീദ്, കുടുംബാംഗങ്ങളായ മുഹ്‌സിന, സഹോദരി തസ്നീമ, മക്കളായ ഏഴുവയസ്സുകാരി മോളി, മൂന്നുവയസുകാരി റൈസ എന്നിവരും മറ്റൊരാളുമാണ് മരിച്ചത്. ഇന്ന് മജീദിന്‍റെ മകളുടെ നിക്കാഹ് നടക്കാനിരിക്കെയാണ് ഇന്നലത്തെ അപകടമരണം.

ഇറക്കം ഇറങ്ങിവന്ന ബസ്സാണ് ഓട്ടോയിലേക്ക് ഇടിച്ചു കയറിയത്. പിഴവ് ആരുടെ ഭാഗത്താണെന്ന് ഇപ്പോൾ പറയാൻ ആവില്ലെന്ന് മലപ്പുറം എസ്പി പറഞ്ഞിരുന്നു. അപകടകാരണത്തെക്കുറിച്ച് അടുത്ത ദിവസം തന്നെ മോട്ടോർ വാഹന വകുപ്പുമായി ചേർന്ന് പൊലീസ് സംയുക്ത പരിശോധന നടത്തും.
ബസിന്റെ ഡ്രൈവറെ മഞ്ചേരി പൊലീസ് കസ്റ്റഡിയിൽ എടുത്തിരുന്നു. തുടർന്ന് തീർത്ഥാടകരെ മറ്റൊരു വാഹനത്തിൽ ശബരിമലയിലേക്ക് അയക്കുകയായിരുന്നു. 

Comments

Popular posts from this blog