ഇന്നലെയും വീണു 2 പേർ; അവധിദിനത്തിലും തിരക്കൊഴിയാതെ പരശുറാം
കണ്ണൂർ ∙ അവധി ദിനത്തിലും പരശുറാം എക്സ്പ്രസിൽ ശ്വാസംമുട്ടിക്കുന്ന തിരക്ക്. മന്നം ജയന്തിദിനമായ ഇന്നലെ സർക്കാർ ഓഫിസുകൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധിയായിരുന്നെങ്കിലും പരശുറാം എക്സ്പ്രസിലെ
തിരക്കിനു കുറവില്ലായിരുന്നു. ഇന്നലെയും രാവിലെ 2 യാത്രക്കാർ തിരക്കിൽപ്പെട്ടു കുഴഞ്ഞുവീണു.
രാവിലെ മംഗളൂരുവിൽ നിന്നു തിരുവനന്തപുരത്തേക്കുള്ള യാത്രയ്ക്കിടെയാണ് എൻജിനിൽ നിന്ന് അഞ്ചാമത്തെ
കോച്ചിലും ലേഡീസ് കോച്ചിലുമായി യാത്രക്കാർ കുഴഞ്ഞുവീണത്. കണ്ണൂരിൽ നിന്ന് കൊല്ലത്തെ കോളജിലേക്ക് പോവുകയായിരുന്ന
വിദ്യാർഥിനിയും മറ്റൊരു യാത്രക്കാരനുമാണു കുഴഞ്ഞുവീണത്.
കൊല്ലത്തെ കോളജിൽ പഠിക്കുന്ന വിദ്യാർഥിനി ട്രെയിനിൽ കയറിയതു മുതൽ നിൽക്കുകയായിരുന്നു. കോഴിക്കോട്ട്
എത്താറായപ്പോഴാണ് വിദ്യാർഥിനി കുഴഞ്ഞുവീണത്. സഹയാത്രികർ സീറ്റ് ഒഴിഞ്ഞുകൊടുത്ത് വെള്ളം നൽകി പരിചരിച്ചു.
ക്രിസ്മസ് അവധി കഴിഞ്ഞ് ജോലി സ്ഥലങ്ങളിലേക്കു തിരിച്ചുപോകുന്നവരാണ് ട്രെയിനിൽ ഉണ്ടായിരുന്നവരിൽ
ഏറെയുമെന്നു യാത്രക്കാർ പറഞ്ഞു. വൈകിട്ട് പരശുറാം എക്സ്പ്രസിന്റെ മടക്കയാത്രയിലും സമാനമായ തിരക്ക് അനുഭവപ്പെട്ടു.

Comments
Post a Comment