അജ്മീറില്‍ മസ്ജിദിനകത്ത് ഇമാമിനെ അടിച്ചു കൊന്നു
ജൈപൂര്‍: അജ്മീറില്‍ മസ്ജിദിനകത്ത് കുട്ടികളുടെ മുന്നിലിട്ട് മുസ്ലിം പണ്ഡിതനെ തല്ലിക്കൊന്നു. ശനിയാഴ്ച്ച പുലര്‍ച്ചയാണ് സംഭവം. മുഖം കാഞ്ചന്‍ നഗറിലെ മുഹമ്മദി മൗലാ മസ്ജിദ് ഇമാം മുഹമ്മദ് മാഹിറിനെ(30) ആണ് അക്രമികള്‍ കൊലപ്പെടുത്തിയത്. മുഖം മൂടി ധരിച്ചെത്തിയ മൂന്ന് പേരാണ് അക്രമം നടത്തിയതെന്ന് പോലീസ് പറഞ്ഞു.
സംഭവ സമയത്ത് ആറ് കുട്ടികള്‍ സ്ഥലത്തുണ്ടായിരുന്നു. ഇവരോട് ശബ്ദമുണ്ടാക്കരുതെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തിയാണ് കൊല നടത്തിയത്. പുലര്‍ച്ചെ 3 മണിയോടെ അക്രമികള്‍ പോയ ശേഷം കുട്ടികളുടെ കരച്ചില്‍ കേട്ട് എത്തിയവരാണ് സംഭവം പോലീസില്‍ അറിയിച്ചതെന്ന് രാംഗഞ്ച് പോലീസ് സ്‌റ്റേഷന്‍ ഇന്‍ചാര്‍ജ് രവീന്ദ്ര ഖിന്‍ജി പറഞ്ഞു.
മസ്ജിദിന്റെ പിന്നിലുള്ള റോഡ് വഴിയാണ് അക്രമികള്‍ മുറിക്കകത്ത് കടന്നത്. അക്രമത്തിനുള്ള കാരണം വ്യക്തമല്ലെന്ന് പോലീസ് പറഞ്ഞു. മഴുവിന്റെ പിടികൊണ്ടാണ് ഇമാമിനെ അടിച്ചു കൊന്നത്.
ഡോഗ് സ്‌ക്വാഡും ഫോറന്‍സിക് വിഭാഗവും സ്ഥലത്തെത്തി പരിശോധന നടത്തി. മര്‍ദ്ദനത്തിനുപയോഗിച്ചതെന്ന് കരുതുന്ന രണ്ട് വടികള്‍ റോഡില്‍ നിന്ന് കണ്ടെത്തി. ഇമാമിന്റെ മൊബൈല്‍ ഫോണ്‍ അക്രമികള്‍ കൊണ്ട് പോയതായി കുട്ടികള്‍ പറഞ്ഞു. ഇമാമും കുട്ടികളും മസ്ജിദിന് അകത്തുള്ള മുറിയിലായിരുന്നു താമസം.

Comments
Post a Comment