കണ്ണൂര്‍ ജില്ലാ ആശുപത്രിയിൽ നിന്ന് മെഡിക്കൽ കോളേജിലേക്ക് റഫർ ചെയ്ത രോഗി ബസ് സ്റ്റാന്റിൽ മരിച്ചു.





കണ്ണൂർ: ജില്ലാ ആശുപത്രിയിൽ നിന്ന് മെഡിക്കൽ കോളേജിലേക്ക് റഫർ ചെയ്ത ഇതര സംസ്ഥാനക്കാരനെ ബസ് സ്റ്റാൻഡിൽ മരിച്ച നിലയിൽ കണ്ടെത്തി. കാലിന് പരിക്കേറ്റ് അവശനായിരുന്നയാളെ കൂട്ടിരിപ്പുകാർ ഇല്ലാത്തതിനാൽ ആംബുലൻസിൽ കൊണ്ടുപോയിരുന്നില്ല. ആശുപത്രിയിലേക്ക് തിരികെ കയറാൻ ശ്രമിച്ചപ്പോൾ സുരക്ഷാ ജീവനക്കാർ തളളിപ്പുറത്താക്കിയെന്നും ആക്ഷേപമുണ്ട്. സംഭവത്തിൽ ആശുപത്രി മേധാവി അന്വേഷണം തുടങ്ങി.


കണ്ണൂർ പഴയ ബസ്റ്റാന്‍റ് പരിസരത്ത് അവശനിലയിലാണ് ഇതരസംസ്ഥാനക്കാരനെ കണ്ടെത്തിയത്. വ്യാഴാഴ്ച രാത്രിയാണ് ആദ്യമായി ഇയാളെ പൊലീസ് ജില്ലാ ആശുപത്രിയിൽ ലെത്തിച്ചു. മാനസികാസ്വാസ്ഥ്യം പ്രകടിപ്പിച്ച രോഗി പാതിരാത്രി പുറത്തേക്ക് പോയി. പിന്നീട് വെളളിയാഴ്ച രാവിലെ ഫയർ ഫോഴ്സ് വീണ്ടും കണ്ടെത്തി ആശുപത്രിയിലെത്തിച്ചു.  അവശനിലയിലായ രോഗിയെ കൂടുതൽ ചികിത്സയ്ക്ക് പരിയാരം മെഡിക്കൽ കോളേജിലേക്ക് റഫർ ചെയ്തു. 108 ആംബുലൻസ് എത്തിയെങ്കിലും കൂട്ടിരിപ്പുകാർ ഇല്ലാത്തതിനാൽ കൊണ്ടുപോയില്ല. 


ജില്ലാ ആശുപത്രിയിൽ നിന്ന് ജീവനക്കാരനെ രോഗിക്കൊപ്പം മെഡിക്കൽ കോളേജിലേക്ക് അയക്കാനും അധികൃതര്‍ തയ്യാറായില്ല. രോഗി വീണ്ടും അത്യാഹിത വിഭാഗത്തിലേക്ക് കയറാൻ ശ്രമിച്ചപ്പോൾ സുരക്ഷാ ജീവനക്കാർ തളളിപ്പുറത്താക്കിയെന്ന് ദൃക്സാക്ഷികളായ ആംബുലൻസ് ഡ്രൈവ‍ർമാർ പറയുന്നു. പിന്നീട് ബസ് സ്റ്റാന്‍റ് പരിസരത്തേക്ക് പോയ ഇയാളെ ഉച്ചയോടെ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ചികിത്സ നൽകുന്നതിൽ വീഴ്ചയുണ്ടായില്ലെന്നാണ് ജില്ലാ ആശുപത്രി അധികൃതർ പറയുന്നത്. രോഗി ഒഡിയ ഭാഷയാണ് സംസാരിച്ചതെന്നും തങ്ങൾ അത്യാഹിത വിഭാഗത്തിൽ കിടക്കാൻ ആവശ്യപ്പെട്ടപ്പോഴെല്ലാം പുറത്തേക്ക് പോകാൻ നിര്‍ബന്ധിക്കുകയായിരുന്നുവെന്നും ആര്‍എംഒ സുമിൻ മോഹൻ പ്രതികരിച്ചു.


Comments

Popular posts from this blog