തൃശ്ശൂരിങ്ങെടുത്തിട്ടും വെറും സഹമന്ത്രി മാത്രം; സുരേഷ് ​ഗോപി അതൃപ്തിയിൽ





തിരുവനന്തപുരം: കേന്ദ്രമന്ത്രിയായിട്ടും ബിജെപി നേതാവ് സുരേഷ് ഗോപിക്ക് അതൃപ്‌തി. കേരളത്തിൽ നിന്നും ആദ്യമായി ലോക്സഭയിലേക്ക് ഒരു ബിജെപിക്കാരൻ വിജയിച്ചെത്തിയിട്ടും അർഹമായ പരി​ഗണന ലഭിച്ചില്ലെന്നതാണ് സുരേഷ് ​ഗോപിയുടെ വിഷമം. തൃശ്ശൂരിൽ സുരേഷ് ​ഗോപിയുടെ വ്യക്തിപ്രഭാവം കൂടിയാണ് ബിജെപിയെ മിന്നും വിജയത്തിലേക്ക് എത്തിച്ചതെന്നാണ് സുരേഷ് ​ഗോപിയോട് അടുത്ത വൃത്തങ്ങളും ചൂണ്ടിക്കാട്ടുന്നത്. സഹമന്ത്രിയായാണ് ബിജെപി ​ദേശീയ നേതൃത്വം സുരേഷ് ​ഗോപിയെ പരി​ഗണിച്ചത്. സ്വതന്ത്ര ചുമതലയോ കാബിനറ്റ് പദവിയോ നൽകിയില്ല. കേരളത്തിലെ പ്രബല രണ്ട് മുന്നണികളെ പരാജയപ്പെടുത്തിയിട്ടും തന്നോളം പോപ്പുലറല്ലാത്ത ജോർജ് കുര്യന് നൽകിയ പരി​ഗണന മാത്രമാണ് തനിക്കും ലഭിച്ചതെന്നതും സുരേഷ് ​ഗോപിയുടെ അതൃപ്തിക്ക് കാരണമെന്നാണ് സൂചന.



തൃശ്ശൂരിലെ സുരേഷ് ഗോപിയുടെ വിജയത്തോടെയാണ് കേരളത്തിൽ ബിജെപി അക്കൗണ്ട് തുറന്നത്. മോദിയുമായി അടുത്ത ബന്ധം പുലർത്തുകയും ചെയ്യുന്ന സുരേഷ് ഗോപി കേന്ദ്രമന്ത്രിസ്ഥാനം ഉറപ്പിച്ചിരുന്നു. എന്നാൽ ലഭിച്ചത് സ്വതന്ത്ര ചുമതലയില്ലാത്ത സഹമന്ത്രി സ്ഥാനം മാത്രമാണ്. ഒപ്പം സുരേഷ് ഗോപിയുടെ തൃശൂരിലെ വിജയത്തിൽ ക്രൈസ്തവ സമൂഹത്തിൽ നിന്ന് കിട്ടിയ പിന്തുണക്കുള്ള മറുപടിയായി ജോർജ് കുര്യനും സഹ മന്ത്രിസ്ഥാനം ലഭിച്ചു. തൃശ്ശൂരിൽ എൽഡിഎഫിനെയും യുഡിഎഫിനെയും തറപറ്റിച്ച് നേടിയ വിജയത്തിന്റെ മാധുര്യത്തിൽ കല്ലുകടിയാകുകയാണ് സുരേഷ് ഗോപിയുടെ അതൃപ്തി.


കേരളത്തിന് രണ്ട് കേന്ദ്രമന്ത്രിമാരാണുളളത്. രാഷ്ട്രപതി ഭവൻറെ അങ്കണത്തിൽ ആയിരങ്ങളെ സാക്ഷിയാക്കിയാണ് സുരേഷ് ഗോപിയും, ജോർജ്ജ് കുര്യനും സത്യവാചകം ചൊല്ലി അധികാരമേറ്റത്. സത്യപ്രതിജ്ഞ ചെയ്യുംവരെ പദവി രഹസ്യമായിരുന്നു. സുരേഷ് ഗോപി സാംസ്കാരിക മന്ത്രാലയത്തിലേക്കെന്ന് സൂചന. ജോർജ് കുര്യന് വിദേശകാര്യമോ ന്യൂനപക്ഷ ക്ഷേമ സഹമന്ത്രി സ്ഥാനമോ കിട്ടിയേക്കും. സിനിമയിൽ അഭിനയിക്കാൻ ഉള്ള സൗകര്യം കണക്കിൽ എടുത്താണ് സുരേഷ് ഗോപിക്ക് സഹമന്ത്രി സ്ഥാനം നൽകിയതെന്നാണ് ബിജെപി നേതൃത്വം നൽകുന്ന വിശദീകരണം

Comments

Popular posts from this blog