ഹൈറിച്ച് കേസില്‍ സംസ്ഥാന വ്യാപക റെയ്ഡ്; സ്ഥാപനവുമായി ബന്ധമുള്ളവരുടെയെല്ലാം വീടുകളില്‍ ഇ.ഡി.യെത്തി.




ഓണ്‍ലൈന്‍ മള്‍ട്ടിലെവല്‍ മാര്‍ക്കറ്റിങ്ങിന്റെ മറവില്‍ 1,157 കോടി രൂപയുടെ തട്ടിപ്പ് നടന്ന ഹൈറിച്ച് കേസില്‍ സംസ്ഥാന വ്യാപകമായി എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ (ഇ.ഡി.) റെയ്ഡ്. കോഴിക്കോട്, കണ്ണൂര്‍, തൃശ്ശൂര്‍, എറണാകുളം ജില്ലകളിലെ 15 കേന്ദ്രങ്ങളിലാണ് റെയ്ഡ് നടന്നത്. ഇ.ഡി. ഉദ്യോഗസ്ഥരും സി.ആര്‍.പി.എഫുകാരുമടക്കം നൂറിലേറെ വരുന്ന സംഘമാണ് ചൊവ്വാഴ്ച രാവിലെ ഏഴുമണി മുതല്‍ തുടങ്ങിയ റെയ്ഡുകളിലുണ്ടായിരുന്നത്.


സംസ്ഥാന സര്‍ക്കാര്‍ ഹൈറിച്ച് കേസ് സി.ബി.ഐ.ക്ക് വിട്ടതിനു പിന്നാലെയാണ് ഇ.ഡി. സംഘം വ്യാപകമായ റെയ്ഡ് നടത്തിയത്. ഹൈറിച്ച് ബിസിനസുമായി ബന്ധമുള്ളവരുടെ വീടുകള്‍, സ്ഥാപനങ്ങള്‍ എന്നിവയിലായിരുന്നു റെയ്ഡ്. സാമ്പത്തിക ഇടപാടുകള്‍ സംബന്ധിച്ച് ഡിജിറ്റല്‍ രേഖകളടക്കം റെയ്ഡില്‍ പിടിച്ചെടുത്തിട്ടുണ്ട്. ഓണ്‍ലൈന്‍ ഷോപ്പിയുടെ അനുബന്ധ സ്ഥാപനം ദുബായിയിലും രജിസ്റ്റര്‍ ചെയ്തതായും 'എച്ച്.ആര്‍.സി. ക്രിപ്റ്റോ' എന്ന ക്രിപ്റ്റോ കറന്‍സി ബിസിനസിലൂടെ കോടികള്‍ സമാഹരിച്ചതായും അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. ഹൈറിച്ചിന്റെ 55 അക്കൗണ്ടുകളിലായുണ്ടായിരുന്ന 212.45 കോടി രൂപയുടെ നിക്ഷേപം അന്വേഷണ സംഘം മരവിപ്പിച്ചിരുന്നു.



Comments

Popular posts from this blog