വിലയേറിയ പ്ലേ ബട്ടൻ, കേരളത്തില്‍ ഇതാദ്യം; സ്വപ്നനേട്ടത്തില്‍ 'കെഎല്‍ ബ്രോ' ഒരു വീഡിയോയ്ക്ക് വരുമാനം എത്ര?
ഈ കാലത്ത് യുട്യൂബ് ചാനലുകളുടെ എണ്ണത്തില്‍ വൻ വർദ്ധനവാണ് കാണാൻ കഴിയുന്നത്. എന്റർടെയ്ൻമെന്റ് എന്നതിനൊപ്പം വരുമാന മാർഗം കൂടിയായതിനാല്‍ ചാനല്‍ തുടങ്ങുന്നതിനായി നിരവധി പേരാണ് രംഗത്ത് എത്തുന്നതും.
കേരളത്തില്‍ തന്നെ നൂറ് കണക്കിന് യുട്യൂബ് ചാനലുകള്‍ നിലവില്‍ ലഭ്യമാണ്. അക്കൂട്ടത്തില്‍ സബ്സ്ക്രൈബേഴ്സിന്റെ കാര്യത്തില്‍ ഒന്നാം സ്ഥാനത്ത് നില്‍ക്കുന്നത് ഒരു ഫാമിലി യുട്യൂബ് ചാനലാണ്. കെ എല്‍ ബ്രോ ബിജു ഋത്വിക് ആണ് ആ ചാനല്‍.
ബിജുവും അമ്മയും മകൻ ഋത്വിക്കും ഭാര്യയും മരുമകളും ഉള്‍പ്പടെ ഉള്ളവരാണ് ഈ ചാനലിന്റെ പുറകിലുള്ളത്. കേരളത്തിലെ ആദ്യ ഒരു മില്യണ്‍ യുട്യൂബ് ചാനലും ഇവരുടേതാണ്. ഇപ്പോഴിതാ കാത്തിരിപ്പുകള്‍ക്ക് ഒടുവില്‍ അൻപത് മില്യണ്‍(5.35 കോടി സബ്സ്ക്രൈബേഴ്സ്) എന്ന സ്വപ്നനേട്ടം സ്വന്തമാക്കിയിരിക്കുകയാണ് ഈ ഫാമിലി. ദില്ലിയില്‍ വച്ച് നടന്ന ചടങ്ങില്‍ യുട്യൂബിന്റെ അധികാരികള്‍ ആണ് ഏറ്റവും കൂടുതല്‍ വില മതിപ്പുള്ള രണ്ടാമത്തെ യുട്യൂബ് പ്ലേ ബട്ടൻ ഇവർക്ക് സമ്മാനിച്ചത്. ഇതിന്റെ സന്തോഷം ബിജു തന്റെ ചാനലിലൂടെ പങ്കുവച്ചിട്ടുമുണ്ട്. ഇന്ത്യയില്‍ ഇതാദ്യമായാണ് ഇങ്ങനെ ഒരു പ്ലേ ബട്ടൻ ലഭിക്കുന്നതെന്ന് ബിജു പറയുന്നു.
'ഇത് ഞങ്ങളുടെ മാത്രം വിജയമല്ല. നമ്മള്‍ എല്ലാവരുടെയും വിജയമാണ്. ഞങ്ങളുടെ കുഞ്ഞ് കുഞ്ഞ് വീഡിയോകള്‍ക്ക് എല്ലാ പിന്തുണയും നല്‍കി നിങ്ങള്‍ കൂടെ നിന്നു. എല്ലാവർക്കും ഈ അവാർഡ് സമർപ്പിക്കുകയാണ്. എനിക്ക് ഇംഗ്ലീഷ് ഒന്നും അറിയില്ല. ഇത്രയും വലിയ ഉയരത്തില്‍ എത്തുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചതല്ല', എന്നും ബിജു പറയുന്നു. നിരവധി പേരാണ് ഇവർക്ക് ആശംസകളുമായി രംഗത്ത് എത്തുന്നത്. എത്ര വലിയ നേട്ടം കിട്ടിയാലും അഹംഭാവം ഇല്ലാത്ത ഫാമിലിയാണിതെന്നും അതാണ് ഈ വിജയത്തിന് പിന്നാലെന്നുമാണ് നിരവധി പേർ പറയുന്നത്.
റിപ്പോർട്ടുകള്‍ പ്രകാരം അൻപത് മില്യണ്‍ സബ്സ്ക്രൈബേഴ്സ് ഉള്ള ഒരു യുട്യൂബ് ചാനല്‍ വീഡിയോയ്ക്ക് ശരാശരി വ്യൂസ് എന്നത് ഒരു മില്യണ്‍ ആണ്. ഇതിലൂടെ നാല്‍പതിനായിരം മുതല്‍ നാല് ലക്ഷം വരെയാണ് വരുമാനമായി ലഭിക്കുക എന്നാണ് വിവരം.
യുട്യൂബ് പ്ലേ ബട്ടണുകള്‍
മൊത്തം അഞ്ച് പ്ലേ ബട്ടണുകളാണ് യുട്യൂബ് ചാനലുകള്‍ക്ക് ലഭിക്കുക. അതില്‍ ആദ്യത്തേത് സില്‍വർ ബട്ടണാണ്. ഒരു ലക്ഷം സബ്സ്ക്രൈബേഴ്സ് ആകുമ്ബോഴാണ് ഇത് ലഭിക്കുന്നത്. രണ്ടാമത്തേത്ത് ഒരു മില്യണ്‍ സബ്സ്ക്രൈബേഴ്സ് ആകുമ്ബോള്‍ ലഭിക്കുന്ന ഗോള്‍ഡൻ ബട്ടണ്‍. മൂന്നാമത്തേത് ഡയമണ്ട് പ്ലേ ബട്ടണ്‍ ആണ്. പത്ത് മില്യണ്‍ ആകുന്ന വേളയില്‍ ആകും ഇത് ലഭിക്കുക. നാലാമത്തേതാണ് കസ്റ്റം ക്രിയേറ്റർ അവാർഡ്. റൂബി ക്രിയേറ്റർ എന്നും അറിയപ്പെടുന്ന ഈ പ്ലേ ബട്ടണ്‍ അൻപത് മില്യണ്‍ ആകുമ്ബോള്‍ ലഭിക്കുന്നതാണ്. ഏറ്റവും ഒടുവിലത്തേത് പത്ത് മില്യണിന്റെ റെഡ് ഡയമണ്ട് ക്രിയേറ്റർ അവാർഡ് ആണ്.

Comments
Post a Comment