കണ്ണൂർ കോർപറേഷനിലും മലയാലപ്പുഴയിലും ഇന്ന് ഹർത്താൽ.
കണ്ണൂരിൽ ആത്മഹത്യ ചെയ്ത എഡിഎം നവീൻ ബാബുവിന്റെ മൃതദേഹം ബന്ധുക്കൾ ഏറ്റുവാങ്ങി. കണ്ണൂർ, കാസർകോട് ജില്ലാ കളക്ടർമാരുടെ സാന്നിധ്യത്തിലാണ് മൃതദേഹം ഏറ്റുവാങ്ങിയത്. മൃതദേഹവുമായി ആംബുലൻസ് ജന്മനാടായ പത്തനംതിട്ടയിലേക്ക് പുറപ്പെട്ടു.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പിപി ദിവ്യക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണമെന്നാവശ്യപ്പെട്ട് ഇന്ന് കണ്ണൂർ കോർപ്പറേഷനിൽ ബിജെപി ഹർത്താൽ. രാവിലെ ആറ് മുതൽ വൈകുന്നേരം ആറ് മണി വരെയാകും ഹർത്താൽ. ഹോട്ടലുകൾ, മറ്റ് അവശ്യ സേവനങ്ങൾ തുടങ്ങിയവയെ ഹർത്താലിൽ നിന്നൊഴിവാക്കിയിട്ടുണ്ട്. നവീൻ ബാബുവിന്റെ മരണത്തിൽ പ്രതിഷേധിച്ച് പത്തനംതിട്ട മലയാലപ്പുഴ ഗ്രാമപഞ്ചായത്തിൽ കോൺഗ്രസ് ഹർത്താൽ പ്രഖ്യാപിച്ചിട്ടുണ്ട്. ഇവിടെയും അവശ്യസേവനങ്ങളെ ഒഴിവാക്കി രാവിലെ ആറ് മുതൽ വൈകിട്ട് ആറ് വരെയാണ് ഹർത്താൽ.
ഇന്ന് ഉച്ചയോടെ പത്തനംതിട്ടയിലെത്തിക്കുന്ന മൃതദേഹം മോർച്ചറിയില്‍ സൂക്ഷിക്കും. നാളെ പത്തനംതിട്ട കളക്‌ട്രേറ്റില്‍ പൊതുദർശനത്തിന് ശേഷം വീട്ടുവളപ്പില്‍ സംസ്കരിക്കും.
എഡിഎം നവീന്‍ ബാബുവിന്‍റെ മരണത്തില്‍ പ്രതിഷേധിച്ച് ഇന്ന് സംസ്ഥാന വ്യാപകമായി റവന്യു ഉദ്യോഗസ്ഥര്‍ അവധിയെടുക്കും. മരണത്തില്‍ ഉത്തരവാദിയായവര്‍ക്കെതിരെ കര്‍ശന നടപടി വേണമെന്നാണ് ആവശ്യം. സര്‍വീസ് സംഘടനകളുടെ ആഹ്വാനപ്രകാരമല്ല പ്രതിഷേധം. വില്ലേജ് ഓഫിസ് മുതല്‍ സെക്രട്ടറിയേറ്റ് വരെയുള്ള റവന്യുവകുപ്പിലെ ഉദ്യോഗസ്ഥരാണ് അവധിയെടുക്കുന്നത്.

Comments
Post a Comment