ബഹുസ്വരതയും മതേതരത്വവും നിലനിർത്താൻ തെരുവിലിറങ്ങാൻ സമയമായി: റഷീദ് ഉമരി
വോട്ട് കൊള്ളക്കെതിരെ ആസാദി സ്ക്വയർ സംഘടിപ്പിച്ചു
കണ്ണൂർ: രാജ്യത്ത് ബഹുസ്വരതയും സോഷ്യലിസവും മതേതരത്വവും നിലനിൽക്കണമെന്നാഗ്രഹിക്കുന്നവർ തെരുവിൽ ഇറങ്ങേണ്ട സമയമായിരിക്കുന്നുവെന്ന് എസ്ഡിപിഐ സംസ്ഥാന ട്രഷറർ റഷീദ് ഉമരി പറഞ്ഞു. വോട്ട് കള്ളന്മാരിൽ നിന്ന് ജനാധിപത്യം വീണ്ടെടുക്കുക എന്ന പ്രമേയം ഉയർത്തി 79ാം സ്വാതന്ത്ര്യ ദിനത്തിൽ എസ്.ഡി.പി.ഐ ജില്ലാ കമ്മിറ്റി കാൾടെക്സ് ജങ്ഷനിൽ സംഘടിപ്പിച്ച ആസാദി സ്ക്വയർ പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
വോട്ട് കൊള്ള നടത്തുകയും അതിനെ ന്യായീകരിക്കുകയും ചെയ്ത് രാജ്യത്തെ ലോകത്തിന് മുന്നിൽ നാണം കെടുത്തുകയാണ് ബിജെപി ചെയ്യുന്നത്. പൗര സ്വാതന്ത്ര്യവും ജനാധിപത്യവും മതേതരത്വവും തകർത്ത് രാജ്യത്തെ ഏകാധിപത്യ ഹിന്ദുത്വ രാഷ്ട്രമാക്കാനുള്ള ശ്രമത്തിൻ്റെ ഭാഗമാണിത്. ക്വിറ്റ് ഇന്ത്യ സമരത്തെ അനുസ്മരിക്കാതെ വിഭജന ഭീതി ദിനമാചരിക്കുന്നത് തന്നെ ജനങ്ങളെ വേർതിരിച്ച് രാജ്യത്തെ കലുഷിതമാക്കാനാണെന്നും റഷീദ് ഉമരി പറഞ്ഞു.
വോട്ട് കൊള്ളക്കെതിരെ അതിശക്തമായ പ്രതിഷേധ - പ്രക്ഷോഭ പരിപാടികൾ സംഘടിപ്പിക്കേണ്ട സി.പി.എം - കോൺഗ്രസ് പാർട്ടികൾ കേരളത്തിൽ മൗനമാണ്. ഈ സമയം വരെ മുഖ്യമന്ത്രി പിണറായി വിജയൻ വോട്ട് കൊള്ളക്കെതിരെ ശബ്ദിച്ചിട്ടില്ലെന്നും ഈ മൗനങ്ങൾക്ക് കനത്ത വില നൽകേണ്ടിവരുമെന്നും റഷീദ് ഉമരി മുന്നറിയിപ്പ് നൽകി.
രാജ്യത്തെ ആറോളം ലോക്സഭ മണ്ഡലത്തിൽ വോട്ട് കൊള്ള നടന്നുവെന്ന വാർത്ത നമ്മുടെ രാജ്യത്തെ സ്വാതന്ത്ര്യവും ജനാധിപത്യവും എത്രമാത്രം അപകടത്തിലാണെന്നതിൻ്റെ സൂചനയാണ് നൽകുന്നത്. സ്വാതന്ത്ര്യസമര ഘട്ടത്തിൽ ഒരിക്കൽ പോലും ആർഎസ്എസ് രാജ്യത്തിനൊപ്പം നിന്നില്ല എന്നു മാത്രമല്ല അതിനെ ഒറ്റികൊടുക്കാനാണ് ശ്രമിച്ചത്. അത്തരം സംഘമാണ് ഇന്ന് രാജ്യം ഭരിക്കുന്നത്. ഭരണഘടനയെയോ ജനാധിപത്യ സംവിധാനത്തെയോ
സംഘ്പരിവാർ ഒരിക്കലും മാനിച്ചിരുന്നില്ല എന്നതാണ് സത്യമെന്നും റഷീദ് ഉമരി പറഞ്ഞു.
ജില്ലാ പ്രസിഡൻ്റ് ബഷീർ കണ്ണാടിപറമ്പ് അധ്യക്ഷത വഹിച്ചു. ജന.സെക്രട്ടറി മുസ്തഫ നാറാത്ത് സ്വാഗതവും ജില്ലാ കമ്മിറ്റിയംഗം സുനീർ പെയ്തുംകടവ് നന്ദിയും പറഞ്ഞു. ജില്ലാ സെക്രട്ടറി ഷംസീർ പി ടി വി പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.
ജില്ലാ കമ്മിറ്റിയംഗങ്ങളായ എം ജെ മാത്യു, എ ഫൈസൽ, വിമൻ ഇന്ത്യ മൂവ്മെൻ്റ് ജില്ലാ പ്രസിസൻ്റ് സമീറ ഫിറോസ്, കണ്ണൂർ മണ്ഡലം സെക്രട്ടറി ആസിഫ്,പങ്കെടുത്തു.

Comments
Post a Comment